തമിഴ്നാട് ഗവർണർ ആർ. എൻ. രവിക്കെതിരെ വീണ്ടും വിമർശനവുമായി എം. കെ. സ്റ്റാലിൻ. സംസ്ഥാനത്തിൻ്റെ വികസനം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ലെന്നും നിയമസഭയെ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന ഗവർണറുടെ തീരുമാനം ബാലിശമാണെന്നും സ്റ്റാലിൻ പറഞ്ഞു.
രവി ഗവർണറായി ചുമതലയേറ്റശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാന നിയമസഭ വിചിത്രമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. ‘ഗവർണർ നിയമസഭയിൽ വരുന്നുണ്ടെങ്കിലും സഭയെ അഭിസംബോധന ചെയ്യാതെ മടങ്ങിപ്പോകുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ബാലിശമാണെന്ന് ഞാൻ പറഞ്ഞത്’ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി ആറിന് ഗവർണർ പതിവ് പ്രസംഗം നടത്താതെ സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഭരണഘടനയുടെ ആർട്ടിക്കിൾ 176 പ്രകാരം, സമ്മേളനത്തിൻ്റെ തുടക്കത്തിൽ ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യണം. സെഷൻ ആരംഭിക്കുന്നതിന് മുമ്പ് തമിഴ് ഗാനം (തമിഴ് തായ് വാൽത്ത്) ആലപിക്കുകയും അഭിസംബോധനയ്ക്ക് ശേഷം ദേശീയ ഗാനം ആലപിക്കുകയും ചെയ്യുന്നത് വളരെക്കാലമായി തുടരുന്ന ഒരു പാരമ്പര്യമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.
ആസൂത്രിതമായി നിയമങ്ങൾ ലംഘിക്കുന്നതിൽ ഗവർണർക്ക് താൽപ്പര്യമുണ്ടെന്നും സ്റ്റാലിൻ ആരോപിച്ചു.