ചെറുവത്തൂര്‍: തൂപ്പുജോലി ചെയ്യവേ അതേ വിദ്യാലയത്തില്‍ അധ്യാപികയായി നിയമനം ലഭിച്ച ലിന്‍സക്കും കുടുംബത്തിനും ചൊവ്വാഴ്ച രാജ്ഭവനില്‍ ചായസല്‍ക്കാരം. വൈകീട്ട് 5.20ന് ഗവര്‍ണറാണ് ചായസല്‍ക്കാരം ഒരുക്കുക. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറിയിലെ തൂപ്പുകാരിയായി ജോലി ചെയ്തുവരവേ അധ്യാപക ഒഴിവുവന്നപ്പോള്‍ മതിയായ യോഗ്യതയുള്ള ആര്‍.ജെ. ലിന്‍സക്ക് നിയമനം നല്‍കുകയായിരുന്നു.
തൂപ്പുകാരി ചേച്ചി ഹൈസ്‌കൂള്‍ ക്ലാസില്‍ ചോക്കുമായി എത്തിയപ്പോള്‍ അന്ധാളിച്ച കുട്ടികള്‍ പിന്നെ ഏറെ ഇഷ്ടമുള്ള ടീച്ചറായി സ്വീകരിക്കുകയും ചെയ്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശി കെ.കെ. രാജന്റെ മകളാണ് ലിന്‍സ. സംസ്‌കൃതാധ്യാപകനായ രാജന്‍ സര്‍വീസിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. തുടര്‍ന്ന് അമ്മക്കും അനുജനും താങ്ങാവാന്‍ മകളായ ലിന്‍സ തൂപ്പുകാരിയായി ആശ്രിത നിയമനം നേടുകയായിരുന്നു. ക്ലാസ് മുറികളും ഓഫിസ് മുറികളും തൂത്ത് വൃത്തിയാക്കിയ ശേഷം ലഭിച്ച സമയം പഠനത്തിനുവേണ്ടി വിനിയോഗിക്കുകയും ചെയ്തു.
ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും സ്വന്തമാക്കിയ ലിന്‍സക്ക് അധ്യാപികയായി ഇതേ വിദ്യാലയത്തില്‍ നിയമനം ലഭിക്കുകയും ചെയ്തു. ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ സുധീരന്‍ മയ്യിച്ച, മക്കളായ സോനില്‍, സംഘമിത്ര എന്നിവര്‍ക്കൊപ്പമാണ് ലിന്‍സ ഗവര്‍ണറുടെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കുക.