X

ഗവര്‍ണര്‍ വി.സി. തര്‍ക്കം ഇനി കോടതിയിലേക്ക്

കണ്ണൂര്‍: ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ തള്ളി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അസോസിയേറ്റഡ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഗവര്‍ണറുടെ മറുപടി. രണ്ടു ദിവസത്തിനകം നിയമനം നല്‍കുമെന്ന് വിസി ഗോപിനാഥ് രവീന്ദ്രന്‍ പ്രഖ്യാപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് ഗവര്‍ണര്‍ ആരിഫ്ഖാന്‍ തിരിച്ചടിച്ചത്.

സര്‍വ്വകലാശാല ചരിത്രത്തില്‍ നിര്‍ണായകമായ തീരുമാനമാണ് ഗവര്‍ണറുടെ ഭാഗത്തു നിന്നുണ്ടായതെന്ന് വിദ്യഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ചാന്‍സലറും വൈസ് ചാന്‍സലറും തമ്മിലുള്ള തര്‍ക്കം രാഷ്ട്രീയ, നിയമ പോരാട്ടത്തിലേക്ക് കടക്കുകയാണ്.
വിസിക്കെതിരെയുള്ള നടപടി സര്‍ക്കാറിനെതിരെയുള്ള നീക്കമെന്ന നിലയില്‍ രാഷ്ട്രീയ വിവാദത്തിനും തിരശ്ശീല ഉയരുകയാണ്. ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കിയുളള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് ശക്തമായ തീരുമാനവുമായി ചാന്‍സലര്‍ രംഗത്ത് എത്തിയതെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. സര്‍ക്കാറിന്റെ പിന്‍ബലത്തില്‍ ഇന്നലെ രാവിലെയാണ് ഗവര്‍ണറെ വെല്ലുവിളിച്ച് വി.സി രംഗത്ത് എത്തിയത്.

നിയമനത്തില്‍ അസ്വാഭാവികതയില്ലെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ സര്‍വകലാശലയ്‌ക്കെതിരെ രൂക്ഷമായ ഭാഷയില്‍ ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. തന്റെ അധികാരം വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഗണര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള ബില്ലിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയ വര്‍ഗീസിന്റെ നിയമനത്തിനുള്ള തിരക്കിട്ട നീക്കം നടന്നത്. അടുത്ത ദിവസം തന്നെ ഉത്തരവ് പുറത്തിറങ്ങുമെന്ന് വി.സി ഗോപിനാഥ് വ്യക്തമാക്കുയും ചെയ്തു. ഇതോടെ നിയമന വിവാദം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. യു.ജി.സിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെ.കെ രാഗേഷിന്റെ ഭാര്യക്ക് നിയമനം നല്‍കുന്നത്. ഇതിനെതിരെ സേവ് സര്‍വകലാശാല ഫോറമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ്് പ്രൊഫസര്‍ നിയമനത്തിന് ഒരു വര്‍ഷം മുമ്പാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. എട്ടു വര്‍ഷത്തെ അസിസ്റ്റന്റ് ഫ്രൊഫസര്‍ പരിചയമാണ് യോഗ്യത. എന്നാല്‍ എയ്ഡഡ് കോളജില്‍ അധ്യാപികയായ പ്രിയ കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റുഡന്റ്ഡീനായി ഡെപ്യുട്ടേഷനില്‍ പ്രവര്‍ത്തിച്ച കാലാവധി കൂടി അധ്യാപക പരിചയമായി കണക്കാക്കാനുള്ള നീക്കം നടന്നതോടെയാണ് വിവാദം ഉടലെടുത്തത്.

പ്രിയയെ നിയമിക്കാനുള്ള ക്രമവിരുദ്ധ നീക്കം തെളിയിക്കുന്ന നിര്‍ണായക രേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഉയര്‍ന്ന റിസര്‍ച്ച്സ്‌കോര്‍ പോയിന്റുള്ളവരെ മറികടന്ന് അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയാണ് നിയമനത്തിനുള്ള സാഹചര്യം ഒരുക്കിയത്. ഗവര്‍ണറുടെ നീക്കത്തെ പൂര്‍ണമായും തള്ളി മുന്നോട്ട് പോകാനുള്ള വിസിയുടെ നീക്കം ഇതോടെ പ്രതിസന്ധിയിലായി.

Chandrika Web: