തിരുവനന്തപുരം: സുപ്രധാന ഫയലുകളുമായി മന്ത്രിമാര്‍ നേരിട്ട് രാജ്ഭവനില്‍ വരണമെന്നും പേഴ്‌സണല്‍ സ്റ്റാഫിനെ അയക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം ചീഫ് സെക്രട്ടറിയെ രേഖാമൂലം രാജ്ഭവനില്‍ നിന്ന് അറിയിച്ചുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
മന്ത്രിമാരുടെ ഓഫീസില്‍ പാര്‍ട്ടി നിയമിക്കുന്ന പേഴ്‌സണല്‍ സ്റ്റാഫാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഫയലിലെ കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് മന്ത്രിമാരാണ്. അല്ലാതെ പേഴ്‌സണല്‍ സ്റ്റാഫല്ല, അത് അംഗീകരിക്കാന്‍ കഴിയില്ല. ഗവര്‍ണറെ കാര്യങ്ങള്‍ കൃത്യമായി അറിയിക്കുകയെന്നത് സര്‍ക്കാറിന്റെ ഭരണഘടനപരമായ ബാധ്യതയാണ്. അതില്‍ വീഴ്ച വരുത്തുന്നത് ന്യായീകരിക്കാനാവില്ല. പലവട്ടം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സംശയമുള്ള ഒരു ഫയലും താന്‍ ഇനി ഒപ്പുവെക്കില്ലെന്നും മന്ത്രിമാര്‍ നേരിട്ട് വന്ന് വിശദീകരിക്കണമെന്നും ഗവര്‍ണവര്‍ വ്യക്തമാക്കി.
‘മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇന്നു രാവിലെയും വിളി വന്നിരുന്നു. മുഖ്യമന്ത്രിക്കു വേണ്ടിയോ മറ്റേതെങ്കിലും മന്ത്രിക്കു വേണ്ടിയോ പേഴ്‌സണല്‍ സ്റ്റാഫിനെ അയക്കേണ്ടതില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്. വെയ്റ്റിങ് റൂമിന് അപ്പുറത്തേക്ക് അവര്‍ക്ക് അനുമതി നല്‍കില്ല, മന്ത്രിമാര്‍ വരട്ടെ, അവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കാനാവുന്നില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ അയക്കട്ടെ’, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.