രാജ്യത്തെ ഫോസില്‍ അധിഷ്ഠിത ഇന്ധനത്തിന്റെ (പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ) വില റോക്കറ്റുപോലെ കുതിച്ചുതുടങ്ങിയിട്ട് വര്‍ഷങ്ങളായി. യു.പി.എ സര്‍ക്കാര്‍ കാലത്ത് ലിറ്ററിന് 70 രൂപയിലും താഴെയായിരുന്ന ഇന്ധനവില ഇന്ന് പെട്രോളിന് 120 രൂപയോളവും ഡീസലിന് 100 രൂപയിലധികവുമായിരിക്കുന്നു. പാചകവാതകത്തിന്റെ ഗാര്‍ഹിക സിലിണ്ടറിന് 550 രൂപയില്‍നിന്ന് 1000 രൂപയിലുമെത്തിയിരിക്കുന്നു. കഴിഞ്ഞദിവസം പാചകവാതക വാണിജ്യസിലിണ്ടറിന്റെ വിലയിലും മണ്ണെണ്ണ വിലയിലും ഗണ്യമായ വര്‍ധനവാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇതിലെ പങ്ക് നികുതിയിനത്തില്‍ 60 ശതമാനത്തോളമാണ്. 42 രൂപ ലിറ്ററിന് യഥാര്‍ത്ഥ വിലവരുന്ന പെട്രോളിന് ഇരുസര്‍ക്കാരുകളുംകൂടി വാങ്ങുന്ന നികുതി 64 രൂപയിലധികം. ഇതിനെതിരെ വലിയപ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെ കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി എക്‌സൈസ്‌നികുതിയില്‍ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും ഇളവ് പ്രഖ്യാപിച്ചു. ഇതുവഴി കേരളത്തില്‍ പെട്രോളിന് 6.30 രൂപയും ഡീസല്‍ വിലയില്‍ 12.27 രൂപയും കുറഞ്ഞിട്ടുണ്ട്. ഇത് കോവിഡ് കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെടുകയും ജീവിതം വഴിമുട്ടുകയും ചെയ്ത വലിയൊരു വിഭാഗം ജനതയെ സംബന്ധിച്ച് നേരിയതെങ്കിലും ആശ്വാസമാണെന്ന് പറയാതെവയ്യ. ഒക്ടോബര്‍ 30ന് 13 സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മിക്കതിലും ബി.ജെ.പിക്ക് തിരിച്ചടി നേരിട്ട പശ്ചാത്തലംകൂടി ഇതില്‍ കാണണം. ജനാധിപത്യത്തില്‍ വോട്ടാണ് ജനങ്ങളുടെ പരമായുധമെന്നിരിക്കെ അത് ഫലിച്ചുവെന്നുവേണം ഈ നടപടി കൊണ്ട് വിലയിരുത്താന്‍.
ക്രൂഡ്ഓയില്‍ വില ബാരലിന് 80 ഡോളറായി കുറഞ്ഞിട്ടുപോലും കേന്ദ്ര സര്‍ക്കാര്‍ മുമ്പ് വാക്കു നല്‍കിയതുപോലെ അന്താരാഷ്ട്ര വില നിലവാരമനുസരിച്ച് വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ലെന്നാണ് ദിനേനെയെന്നോണം നടത്തുന്ന വില വര്‍ധനവ് തെളിയിക്കുന്നത്. മോദി സര്‍ക്കാര്‍ കാലത്ത് 50 രൂപയോളം ലിറ്ററിന് വിലവര്‍ധിപ്പിച്ചതില്‍നിന്ന് തുച്ഛമായ 5 രൂപ കുറച്ചതിനെ വലിയ ആഘോഷമായി കൊണ്ടാടുകയാണ് ബി.ജെ.പിക്കാരും അവരുടെ ആശ്രിതരും. യു.പി.എ സര്‍ക്കാര്‍ ഉറപ്പുനല്‍കിയതനുസരിച്ച് അന്താരാഷ്ട്ര വിലക്കനുസരിച്ച് വില കണക്കാക്കിയാല്‍ സംസ്‌കരണവിതരണച്ചെലവുകളുള്‍പ്പെടെ പെട്രോള്‍ ലിറ്ററിന് ഇപ്പോഴത്തേതിന്റെ പകുതിവിലക്ക് നല്‍കാനാകും. ബാക്കിതുക കമ്പനികളുടെ ലാഭത്തിലേക്കും സര്‍ക്കാരിന്റെ നികുതിയിനത്തിലുമായി വീതിച്ചുപോകുകയാണ്. ഇത് ജനങ്ങളെ സേവിക്കാനാണെന്ന് വാദിക്കുകയാണ് സര്‍ക്കാരുകള്‍. കേരള സര്‍ക്കാര്‍ പറയുന്നത് ഈ വന്‍ നികുതി ന്യായീകരിക്കത്തക്കതാണെന്നും സര്‍ക്കാരിന്റെ റവന്യൂചെലവ് വന്‍തോതില്‍ വര്‍ധിച്ചതിനാലാണിതെന്നുമാണ്. കേന്ദ്രത്തിലെ മുന്‍മന്ത്രി പറഞ്ഞത്, രാജ്യത്ത് പാവങ്ങള്‍ക്ക് കക്കൂസ് പണിയാനാണ് ഈ തുക വിനിയോഗിക്കുന്നതെന്നാണ്. കേന്ദ്ര സര്‍ക്കാരും ഏതാനും ബി.ജെ.പി സംസ്ഥാന സര്‍ക്കാരുകളും നികുതി കുറച്ചുവെന്നതൊഴിച്ചാലും വലിയ ഭാരംതന്നെയാണ് ഇപ്പോഴും സാധാരണക്കാരുടെ പിടലിയില്‍ അമര്‍ന്നിരിക്കുന്നത്. അതിനൊരു പരിഹാരമാണ് ജനം ആഗ്രഹിക്കുന്നത്. കേരളത്തിലെ ഇടതുസര്‍ക്കാര്‍ മാത്രം അതില്‍ മുഖംതിരിഞ്ഞുനില്‍ക്കുകയാണിപ്പോഴും.
കേന്ദ്രം നികുതികുറച്ചതുകൊണ്ട് കേരളത്തിലും ആനുപാതികമായി ഡീസലിന് 2.27 രൂപയും പെട്രോളിന് 1.30 രൂപയുംകൂടി സംസ്ഥാനത്തിന്റേതായി കുറഞ്ഞിട്ടുണ്ടല്ലോ എന്നാണ് ധനമന്ത്രി ബാലഗോപാല്‍ ചോദിക്കുന്നത്. ഇത് അറക്കലെ ബീവിയെ കെട്ടാന്‍ അരസ്സമ്മതം എന്ന ചൊല്ലുപോലെയാണ്. മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മൂന്നുതവണയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ വില കൂട്ടിയപ്പോള്‍ സംസ്ഥാന നികുതിയില്‍കുറവ് വരുത്തിയത്. ഇതുമൂലം മൂന്നുരൂപയോളം ലിറ്ററില്‍ കുറവുവന്നിരുന്നു. അതുപോലും ചെയ്യാന്‍ ഭരണത്തിന്റെ സുഖനിദ്രയിലാണ്ടിരിക്കുന്ന മാര്‍ക്‌സിസ്റ്റുകാര്‍ക്ക് കഴിയുന്നില്ല. തുടര്‍ഭരണം കിട്ടിയനിലക്ക് ഇനി അടുത്ത തിരഞ്ഞെടുപ്പുവരെ ഏത് ജനദ്രോഹ നടപടിയുമാകാമെന്നതായിരിക്കും അവരുടെ ഉള്ളിലിരിപ്പ്. യു.പിയിലും മണിപ്പൂരിലുംമറ്റും അടുത്ത വര്‍ഷമാദ്യം നിയമസഭാതിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ അവിടങ്ങളിലും വില കുറയ്ക്കാന്‍ തയ്യാറായിട്ടുണ്ട്. ഏഴുരൂപയോളമാണ് മിക്ക സംസ്ഥാനങ്ങളും നികുതിയില്‍ കുറവ് വരുത്തിയിരിക്കുന്നത്. അടുത്തിടെ തിരഞ്ഞെടുപ്പു നടന്ന് വന്‍വിജയം ആവര്‍ത്തിച്ച പശ്ചിമബംഗാളും ജനങ്ങളുടെ നികുതിഭാരം കുറച്ചുകൊടുക്കുന്നതില്‍ കാട്ടിയ ജനതല്‍പരത അധികാരമത്തുകാരണം കേരളത്തിലെ ഇടതുപക്ഷത്തിന് നടപ്പാക്കാനാകുന്നില്ല. മാത്രമല്ല, നികുതികുറച്ച സര്‍ക്കാരുകളെ പരിഹസിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത്. ശുദ്ധ ഇരട്ടത്താപ്പാണിത്. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിനുശേഷം ലിറ്ററിന് മൂന്ന് രൂപ കുറച്ച സര്‍ക്കാര്‍ നടപടിയുടെ ആത്മാര്‍ത്ഥ ശ്ലാഘിക്കപ്പെടേണ്ടതാണ്. അതേസമയം വിലക്കുറവ് ആഘോഷിക്കാന്‍ മാത്രമില്ലെന്നും ഇനിയും വില വര്‍ധിക്കുമെന്നും പറയുന്നത് ബി.ജെ.പി വക്താവ് ടി.ജി മോഹന്‍ദാസാണ്. ജനത്തിന്റെ കണ്ണില്‍പൊടിയിടുകയാണ് ഫലത്തില്‍ ഇരു സര്‍ക്കാരുകളും ചേര്‍ന്ന് ചെയ്യുന്നത്. കേരള ഹൈക്കോടതി നിര്‍ദേശിച്ചതുപ്രകാരം ഉടന്‍തന്നെ ഇന്ധനനികുതി ജി.എസ്.ടിയിലേക്ക് മാറ്റുകയാണ് ജനങ്ങളോട് കൂറുള്ള ഭരണാധികാരികള്‍ ചെയ്യേണ്ടത്. ഫോസില്‍ ഇന്ധന ഉപയോഗം കുറച്ച് വൈദ്യുതാധിഷ്ഠിതോര്‍ജ ഉപയോഗത്തിലേക്ക് നീങ്ങുകയും അതുവഴി അന്തരീക്ഷതാപം കുറയ്ക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഈ എരിതീയില്‍നിന്ന് ജനത്തിനും നാടിനും രക്ഷയുള്ളൂ.