X

ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി ഏറ്റവും വലിയ തമാശ: പി.വി അന്‍വര്‍

ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം.ആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി 2024ലെ ഏറ്റവും വലിയ തമാശയാണെന്ന് പി.വി അന്‍വര്‍ എംഎല്‍എ. എഡിജിപിയെ പിരിച്ചുവിടണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നതും എഡിജിപിക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന കാര്യവും എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് പി.വി അന്‍വര്‍ പറഞ്ഞു.

രണ്ട് തവണ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ കാര്യം മാത്രമാണ് നിലവില്‍ പുറത്തുവന്നിട്ടുള്ളതെന്നും തൃശൂര്‍ പൂരം കലക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മാത്രമാകില്ല അദ്ദേഹം കണ്ടിട്ടാവുക എന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് നേതാക്കളുടെ അജണ്ടയാണ് ഇവിടെ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പൂരം കലക്കിച്ചതാണെന്നും എഡിജിപിയാണ് അത് കലക്കിയതെന്നും പി.വി അന്‍വര്‍ പറഞ്ഞു. എം.ആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്നും നേരത്തേ എഡിജിപിയെ മാറ്റിനിര്‍ത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അജിത് കുമാര്‍ പൊലീസ് വകുപ്പിന് പറ്റുന്ന ആളല്ലെന്നും പി.വി അന്‍വര്‍ വ്യക്തമാക്കി. ചില ആളുകള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടണമെങ്കില്‍ സമയമെടുക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.

webdesk13: