മലപ്പുറം: സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകി ഉദിച്ച വിവേകമാണെന്നും പ്രതിഷേധിച്ചവര്‍ക്കെതിരെ എടുത്ത പോലീസ് കേസുകള്‍ പിന്‍വലിക്കണമെന്നും പോലീസിന്റെയും പാര്‍ട്ടി ഗുണ്ടകളുടെയും ക്രൂരമര്‍ദ്ദനത്തിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.
ഇത് പ്രായോഗികമല്ലെന്ന് നേരത്തെ തന്നെ മുസ്ലിംലീഗും യുഡിഎഫും പറഞ്ഞതാണ്. ജനങ്ങള്‍ ഇതിന് എതിരാണ്. ജനങ്ങളുടെ സമരത്തോടൊപ്പം യുഡിഎഫും മുസ്ലിംലീഗ് നിലയുറപ്പിച്ചു. ഇതിനേക്കാള്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദവും ലാഭവകരവുമായ സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തേണ്ടതെന്നായിരുന്നു ഞങ്ങളുടെ നിലപാട്. വിഷയം പഠിക്കാന്‍ എംകെ മുനീറിന്റെ നേതൃത്വത്തിലുള്ള കമ്മീഷനെ യു.ഡി.എഫ് നിയമിച്ചു. കമ്മീഷന്‍ ജനങ്ങളുമായി സംസാരിച്ചു. റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ടിന് പുല്ലുവില കല്‍പ്പിച്ച ഇടത് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ശ്രമിച്ചത്. ഒരുപാട് പ്രശ്നങ്ങള്‍ ഇതിന്റെ പേരില്‍ കേരളത്തിലുണ്ടായി. സ്ത്രീകളെയും കുട്ടികളേയുമടക്കം പോലീസും പാര്‍ട്ടി ഗുണ്ടകളും മൃഗീയമായി മര്‍ദ്ദിച്ചു. ലക്ഷക്കണക്കിന് രൂപയാണ് ഇതിനായി സര്‍ക്കാര്‍ ചിലവഴിച്ചതെന്നും ഇതിനൊന്നും മറുപടി പറയാതെ സര്‍ക്കാറിന് മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.