X

മനുഷ്യ-മൃഗ സംഘർഷം തടയുന്നതിൽ സർക്കാർ പൂര്‍ണ പരാജയം; രൂക്ഷവിമർശനവുമായി സി.എ.ജി

മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് സി.എ.ജി. ‘2017 മുതല്‍ 2021 വരെ 29,798 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ വന്യജീവി ആക്രമണത്തില്‍ 445 പേരുടെ ജീവന്‍ നഷ്ടമായി. മുഴുവന്‍ കേസുകളില്‍ 12.48 ശതമാനം കേസുകളും വയനാട്ടില്‍ നിന്നാണ്. വയനാട്ടില്‍ മാത്രം 6161 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്’. സി.എ.ജി രൂക്ഷവിമര്‍ശനം നടത്തി.

വനം-വനേതര ഭൂമി വേര്‍തിരിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സി.എ.ജി വിമര്‍ശിച്ചു. ‘ആനത്താരകള്‍ സംരക്ഷിക്കുന്നതിലും സര്‍ക്കാര്‍ പരാജയമാണ്. അധിനിവേശ സസ്യങ്ങള്‍ നശിപ്പിച്ചില്ല, മൃഗങ്ങള്‍ക്ക് വെള്ളവും ആഹാരവും ഉള്‍ക്കാട്ടില്‍ ഉറപ്പുവരുത്തുന്നതിലും വനം വകുപ്പ് പരാജയപ്പെട്ടു, ഇത് കാരണം വന്യജീവികള്‍ നാട്ടിലിറങ്ങി, വന്യജീവി സെന്‍സസ് കൃത്യമായി നടപ്പാക്കിയില്ല’ സിഎജി വിമര്‍ശിച്ചു. വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൊടുത്തത് ശരിയായ നടപടിയല്ലെന്നും വിമര്‍ശനമുയര്‍ന്നു. കെ.എസ്.ഇ.ബി മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് വനഭൂമി നല്‍കിയത്.

റേഡിയോ കോളര്‍ സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടതിലും സി.എ.ജി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. അക്രമകാരികളായ ആനകള്‍ക് റേഡിയോ കോളര്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര വനം മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്, ഇതിന്റെ അടിസ്ഥാനത്തില്‍ 2018 ല്‍ പാലകാട് ഡി.എഫ്.ഒ 5.63 കോടി ചെലവാക്കി മൂന്നു റേഡിയോ കോളര്‍ വാങ്ങി, പക്ഷെ കോളര്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി വാങ്ങിയെടുക്കാന്‍ വനം വകുപ്പിന് കഴിഞ്ഞില്ലെന്നും വിമര്‍ശനമുയര്‍ന്നു. വനംഭൂമി കൈയേറ്റം തടയാതിരുന്നത് മനുഷ്യ-മൃഗ സംഘര്‍ഷത്തിന് കാരണമായെന്നും സി.എ.ജി.

webdesk13: