തിരുവന്തപുരം: നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലിനിയുടെ രണ്ട് മക്കള്‍ക്കും 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
കുട്ടികള്‍ക്ക് നല്‍കുന്ന തുകയില്‍ അഞ്ച് ലക്ഷം വീതം സ്ഥിരനിക്ഷേപമായിട്ടാവും നല്‍കുക. ബാക്കി അഞ്ച് ലക്ഷം വീതം അവരുടെ ചെലവുകള്‍ക്കായി നല്‍കും. സ്ഥിരനിക്ഷേപമായി നല്‍കുന്ന തുക കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉപയോഗിക്കാമെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞു.
നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം വീതം ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വൈറസ് ബാധ പടരുന്നത് തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ ജീവനക്കാരെ കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും നിയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.