ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. മാധ്യമങ്ങള്‍ നിര്‍ബന്ധമായി പിന്തുടരേണ്ട തരത്തില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും സാധിക്കുമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും സ്മൃതി ഇറാനി സൂചന നല്‍കി.
ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിലവിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് നിയമനിര്‍മാണത്തിന് ബന്ധപ്പെട്ട കക്ഷികളുമായി സര്‍ക്കാര്‍ ആലോചന നടത്തിയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ക്ക് തടയിടാനുള്ള നീക്കമാണ് കേന്ദ്രത്തിന്റെ പുതിയ നിയമനിര്‍മാണമെന്നാണ് സൂചന. പുതിയ കാലത്ത് ഏറ്റവും ശക്തമായ ഇടപെടലുകള്‍ നടത്തുന്നത് സാമൂഹിക മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളുമാണ്. സര്‍ക്കാറിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്ന ഇത്തരം മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.