ഹരിയാനയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം സർക്കാർ യാഥാർഥ്യമാകുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം ഹരിയാനയിലെയും ജമ്മു കശ്മീരിലെയും ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് വ്യക്തമായി. കോൺഗ്രസിന് അനുകൂലമായി ഉത്തരേന്ത്യ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് ഹരിയാന തൂത്തുവാരും. രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിൽ വരില്ലെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
ഹരിയാനയിൽ കോൺഗ്രസും ജമ്മു-കശ്മീരിൽ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം കൂടുതൽ സീറ്റുകൾ നേടുമെന്നും എക്സിറ്റ്പോൾ സർവേകൾ പറയുന്നത്.
ഹരിയാനയിൽ പുറത്തുവന്ന സർവേകളിൽ ശരാശരി 55 സീറ്റുകളാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. 90 അംഗ നിയമസഭയിൽ 46 സീറ്റ് ലഭിച്ചാൽ കേവല ഭൂരിപക്ഷം നേടാം. പീപ്ൾസ് പൾസ് സർവേയിൽ 55 സീറ്റാണ് കോൺഗ്രസിന്. ബി.ജെ.പിക്ക് 26, ജെ.ജെ.പി ഒന്ന്, ഐ.എൻ.എൽ.ഡി 2-3, മറ്റുള്ളവർ 3-5 വരെയും സീറ്റുകൾ നേടുമെന്ന് പീപ്ൾസ് പൾസ് പറയുന്നു.
ധ്രുവ് റിസർചിൽ കോൺഗ്രസിന് 57 മുതൽ 64 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ദൈനിക് ഭാസ്കർ 44-55, റിപ്പബ്ലിക് ടി.വി 55-62, ജിസ്റ്റ് ടിഫ് റിസർച് 45-53 എന്നിങ്ങനെ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് പറയുന്നു. ബി.ജെ.പി പരമാവധി സീറ്റ് 37 ആണ്. ശരാശരി 25 സീറ്റ് മാത്രം. ആം ആദ്മി പാർട്ടിക്ക് ഒറ്റ സീറ്റുമുണ്ടാകില്ലെന്ന് സർവേ റിപ്പോർട്ട്. മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡക്കാണ് കൂടുതൽ പിന്തുണ.
ജമ്മു-കശ്മീരിൽ 90 അംഗ നിയമസഭയിൽ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് ഇന്ത്യ സഖ്യത്തിന് കേവല ഭൂരിപക്ഷം (46 മുതൽ 50 സീറ്റുകൾ) പ്രവചിക്കുന്നു. 33-35 വരെ സീറ്റുകൾ നാഷനൽ കോൺഫറൻസ് നേടുമെന്നാണ് പീപ്ൾസ് പൾസ് പറയുന്നത്. കോൺഗ്രസിന് 13 മുതൽ 15 വരെ സീറ്റുണ്ടാകും. ബി.ജെ.പി 23 മുതൽ 27 വരെ സീറ്റ് നേടുമെന്നും പീപ്ൾസ് സർവേയിലുണ്ട്. പി.ഡി.പിക്ക് ഏഴ് മുതൽ 11 സീറ്റ് ലഭിച്ചേക്കും.
ദൈനിക് ഭാസ്കർ സർവേയിൽ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് 35-40, ബി.ജെ.പിക്ക് 20-25. ഇന്ത്യ ടുഡേ സീവോട്ടർ 40 മുതൽ 48 വരെ സീറ്റുകൾ ഇൻഡ്യ നേടുമെന്നാണ് പ്രവചനം. ജമ്മു മേഖലയിലെ 43 സീറ്റുകളിൽ ബി.ജെ.പി 27 മുതൽ 31 വരെ സീറ്റ് നേടുമെന്നാണ് പറയുന്നത്. റിപ്പബ്ലിക് ടി.വി സർവേയിൽ ആർക്കും ഭൂരിപക്ഷമില്ല. ഇൻഡ്യ സഖ്യത്തിന് 31 മുതൽ 36വരെയും ബി.ജെ.പിക്ക് 28 മുതൽ 30 വരെയുമാണ്.