കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി നിപ രോഗം പടര്‍ന്നു പിടിച്ച കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ വാര്‍ഡില്‍ ജീവന്‍ പണയം വെച്ച് ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പിന്റെ ക്രൂരത. ഇവരെ സ്ഥിരപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
42 പേരോടാണ് നാളെ മുതല്‍ ജോലിക്ക് വരേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ശുചീകരണ തൊഴിലാളികളും നഴ്‌സിങ് അസിസ്റ്റന്റുമാരും നഴ്‌സുമാരും അടക്കമുള്ളവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത മന്ത്രിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ജീവനക്കാരുടെ പട്ടികയും സര്‍ക്കാറിന് കൈമാറിയിരുന്നു. എന്നാല്‍ എല്ലാം വെറുംവാക്കായി.
നിപ കാലത്ത് സേവനം ചെയ്ത സ്ഥിരം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഇന്‍ക്രിമെന്റും പ്രമോഷനും നല്‍കുമ്പോഴാണ് താല്‍ക്കാലിക ജീവനക്കാര്‍ തൊഴില്‍ നിഷേധിക്കപ്പെട്ട് തെരുവിലിറങ്ങേണ്ടിവരുന്നത്. ആരോഗ്യമന്ത്രിക്കും സര്‍ക്കാറിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.