X

മോഹന്‍ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവം; നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: പാലക്കാട്ടെ സ്‌കൂളില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കുമെതിരെ സര്‍ക്കാര്‍ ചട്ടം ലംഘിച്ചതിനും ദേശീയഗാനം ആലപിക്കാത്തതിനും നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നവംബര്‍ 27-നാണ് നടപടിയെടുക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.

പാലക്കാട് വടക്കുംതല കണ്ണകിയമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് വിവാദമായ സ്വാതന്ത്ര്യദിനാഘോഷം നടന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തുകയായിരുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമില്ലെന്ന ചട്ടം നിലനില്‍ക്കെയാണ് സംഭവം. കൂടാതെ ദേശീയഗാനം ആലപിക്കുന്നതിന് പകരം വന്ദേമാതരമാണ് ആലപിച്ചതും. ഇതും ചട്ടലംഘനമാണ്. 2002-ലെ ദേശീയ ഫഌഗ് കോഡിന് എതിരാണ് ഈ നടപടി.

രാഷ്ട്രീയനേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമായതുകൊണ്ട് ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. കുറ്റകരമായ സംഭവങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുതെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കി. ഇത് പരിശോധിക്കുന്നതിന് തഹസീല്‍ദാറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ പാലക്കാട് പോലീസ് മേധാവിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

chandrika: