X

കോവിഡ് വാക്‌സിന്‍ ജനുവരിയിലെത്തും; പ്രതീക്ഷയോടെ രാജ്യം

ന്യൂഡല്‍ഹി; കോവിഡ് 19 വാക്‌സിന്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച്ച സര്‍ക്കാര്‍ ആദ്യനടപടികള്‍ കൈകൊണ്ടു. വാക്‌സിന്‍ ട്രയലില്‍ പങ്കെടുത്ത മൂന്നു സ്്ഥാപനങ്ങളുള്‍പ്പെടെ ആരോഗ്യരംഗത്തെ അഞ്ചു സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കൂടിയാലോചന നടത്തുകയായിരുന്നു. ജനങ്ങളിലേക്ക് വാക്‌സിന്‍ വലിയ അളവില്‍ എത്തിക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച. ജനുവരിയോടെ വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്രദിനാഘോഷ വേളയില്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ റഷ്യ കോവിഡ് വാാക്‌സിനുമായി രംഗത്തു വന്നിരുന്നു. ലോകത്താകമാനം ഇരുന്നൂറിലേറെ വാക്‌സിനുകളാണ് പരീക്ഷണം നടന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യ ഇതുവരെ വാക്‌സിന് വേണ്ടി മറ്റു രാജ്യങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ പലരും വാക്‌സിന്‍ ഇടപാട് നടത്തുന്നുണ്ടെങ്കിലും ഇന്ത്യ ഇതിനെയെല്ലാം വീക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കോവിഡ് വക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട് പരീക്ഷണഘട്ടത്തിലാണ് ശാസ്ത്രജ്ഞരെങ്കിലും ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് സര്‍ക്കാരെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹര്‍ഷ്‌വര്‍ദന്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് ജനുവരി മുതല്‍ വാക്‌സിന്‍ ലഭ്യമാക്കണം എന്നാണ് ഉദ്ദേശമെങ്കിലും വാക്‌സിന്റെ ഉത്പാദനം, വിലനിര്‍ണ്ണയം, വിതരണം എന്നിവ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിന് വിദഗ്ദ്ധ സംഘം വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി കൂടിയാലോചന നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: