കണ്ണൂര്‍: ഹജ്ജ് യാത്രക്ക് മുന്നോടിയായി കുത്തിവെപ്പിനെത്തിയവരില്‍ നിന്നും പണം വാങ്ങി സര്‍ക്കാറിന്റെ സ്റ്റാമ്പ് കച്ചവടം. വിവാദമായതോടെ സ്റ്റാമ്പ് വില്‍പ്പന നിറുത്തിവെച്ചു.
ഇന്നലെ കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്ക് ശിശുക്ഷേമ സമിതിയുടെ ശിശുദിന സ്റ്റാമ്പ് നല്‍കി പണം ഈടാക്കിയതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ‘തണല്‍-കുട്ടികളുടെ അഭയ കേന്ദ്രം’ പദ്ധതിക്ക് പണം കണ്ടെത്താന്‍ സംസ്ഥാന ശിശുക്ഷേമ സമിതി 2017-18 വര്‍ഷം പുറത്തിറക്കിയതാണ് സ്റ്റാമ്പ്. ജില്ലയിലെ ആദ്യ ഹജ്ജ് കുത്തിവെപ്പ് ക്യാമ്പാണ് ജില്ലാ ആസ്പത്രിയില്‍ നടന്നത്. കണ്ണൂര്‍, അഴീക്കോട്, ധര്‍മടം, കല്യാശ്ശേരി മണ്ഡലങ്ങളില്‍ നിന്ന് ആയിരത്തോളം പേര്‍ ക്യാമ്പിനെത്തിയിരുന്നു.
10 രൂപയുടെ 10 സ്റ്റാമ്പുകള്‍ നല്‍കി ഒരാളില്‍ നിന്ന് 100 രൂപ വരെ ഈടാക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെ നടന്ന സ്റ്റാമ്പ് വില്‍പ്പന വിമര്‍ശനത്തിനുമിടയാക്കി. കുത്തിവെപ്പിനെത്തിയവര്‍ക്ക് സഹായവുമായെത്തിയ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയതോടെയാണ് സ്റ്റാമ്പ് വില്‍പ്പന നിറുത്തിവെച്ചത്. വിവരമറിഞ്ഞ് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരിയും സെക്രട്ടറി കെടി സഹദുല്ലയും സ്ഥലത്തെത്തി.
വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ടു. ഹജ്ജ് കുത്തിവെപ്പിനെത്തിയവര്‍ക്ക് സ്റ്റാമ്പ് നല്‍കി പണം ഈടാക്കിയ കാര്യം അറിഞ്ഞില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പിന്നീട് വിഷയത്തെ കുറിച്ച് അന്വേഷിച്ചു. കുട്ടികള്‍ക്ക് നല്‍കുന്ന കുത്തിവെപ്പിനോടനുബന്ധിച്ചാണ് സ്റ്റാമ്പ് വില്‍പ്പന നടത്തുന്നത്. ശിശു ക്ഷേമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിനാണിതെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. എന്നാല്‍ ഹജ്ജ് കുത്തിവെപ്പിനെത്തുന്നവര്‍ക്ക് സ്റ്റാമ്പ് വില്‍പ്പന നടത്തിയത് ബന്ധപ്പെട്ടവരുടെ അറിവില്ലായ്മ കാരണമായിരിക്കാം. ഹജ്ജ് കുത്തിവെപ്പിനെത്തുന്നവര്‍ക്ക് സ്റ്റാമ്പ് വില്‍പ്പന നടത്തുന്നുവെങ്കില്‍ നിറുത്തിവെക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
സംസ്ഥാന ശിശുക്ഷേമ സമിതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സ്റ്റാമ്പ് വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ ആതുരാലയങ്ങള്‍ക്ക് ക്വാട്ട നിശ്ചയിച്ച് നല്‍കിയിരുന്നു. കുത്തിവെപ്പ് വേളകളിലാണ് ഇത്തരം സ്റ്റാമ്പുകള്‍ വില്‍പ്പന നടത്തി പണം സര്‍ക്കാറിലേക്ക് അടക്കുന്നത്. എന്നാല്‍ ഹജ്ജ് കുത്തിവെപ്പിനെത്തിയവര്‍ക്കും സ്റ്റാമ്പ് നല്‍കി വില്‍പ്പന പൂര്‍ത്തിയാക്കാമെന്ന കണക്കുകൂട്ടലാണ് പാളിയത്. അതേസമയം സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് സ്റ്റാമ്പ് വില്‍പ്പന കൂടി നടത്തേണ്ട ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രയാസത്തിലാക്കുകയാണ്.