തിരുവനന്തപുരം: കടുത്തസാമ്പത്തിക പ്രതിസന്ധിക്കിടയിലും പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ ധൂര്‍ത്തിന് കുറവില്ലെന്ന് കണക്കുകള്‍. കഴിഞ്ഞ നാലരവര്‍ഷമായി മന്ത്രി മന്ദിരങ്ങള്‍ അറ്റകുറ്റപണി നടത്താനും മോടികൂട്ടാനും സര്‍ക്കാര്‍ ചെലവഴിച്ചത് രണ്ട് കോടിയോളം രൂപ. മന്ത്രിമാര്‍ക്ക് മാതൃകയാകേണ്ട മുഖ്യമന്ത്രിയാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. ക്ലിഫ് ഹൗസ് നവീകരണത്തിനായി 29.22 ലക്ഷം രൂപയാണ് മുഖ്യമന്ത്രി വിനിയോഗിച്ചത്. വിവരാവകാശ രേഖപ്രകാരമാണ് കണക്കുകള്‍ ലഭിച്ചത്. ക്ലിഫ് ഹൗസിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങാന്‍ വേണ്ടിമാത്രം 13.11ലക്ഷം രൂപയാണ് ചെലവഴിച്ചത്. 2.07 ലക്ഷം കര്‍ട്ടന്‍ ഘടിപ്പിക്കാനും 9.56 ലക്ഷം പൊതുമരാമത്ത് ജോലികള്‍ക്കായും ചെലവിട്ടതായി വിവരാവകാശരേഖ വ്യക്തമാക്കുന്നു. വൈദ്യതീകരണ ജോലികള്‍ക്കായി 4.50ലക്ഷമാണ് ചെലവഴിച്ചത്.
മുഖ്യമന്ത്രിയ്ക്ക് പിന്നാലെ കടന്നപ്പള്ളി രാമചന്ദ്രനാണ് കൂടുതല്‍ തുക ചെലവഴിച്ചത്. 23.41ലക്ഷം. കടകംപള്ളി സുരേന്ദ്രന്‍ 18.50, എം.എം മണി 13.81, ഇ.പി ജയരാജന്‍ 13.57, കെ. കൃഷ്ണന്‍കുട്ടി 11.25, തോമസ് ഐസക്ക് 9.81, ടി.പി രാമകൃഷ്ണന്‍ 8.14, കെ.കെ ശൈലജ 7.74, പി.തിലോത്തമന്‍ 7.66, എ.സി മൊയ്തീന്‍ 7.43, കെ. രാജു 6.56, എ.കെ ബാലന്‍ 6.26, ഇ.ചന്ദ്രശേഖരന്‍ 6.13, എ.കെ ശശീന്ദ്രന്‍ 6.23, ജെ.മെഴ്‌സികുട്ടി അമ്മ 5.71, കെ.ടി ജലീല്‍ 3.93, വി.എസ് സുനില്‍കുമാര്‍ 3.14, ജി.സുധാകരന്‍-2.65, സി. രവീന്ദ്രനാഥ്-1.37ലക്ഷം രൂപയും മന്ത്രിമന്ദിരം മോടികൂട്ടാനായി ചെലവഴിച്ചു. എറണാകുളം വാഴക്കാല സ്വദേശി എം.കെ ഹരിദാസാണ് വിവരാവകാശ രേഖ ലഭിച്ചത്.