X

സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം- എഡിറ്റോറിയല്‍

ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. കേരളത്തെ നേരിട്ട് ബാധിക്കുന്ന ജീവല്‍പ്രധാന വിഷയത്തിലാണ് പൊതുസമൂഹത്തെ പൂര്‍ണമായും ആശയക്കുഴപ്പത്തിലേക്ക് തള്ളി അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമായി ഒരു കിലോമീറ്റര്‍ വീതിയിലുള്ള കരുതല്‍ മേഖല സ്ഥാപിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. സംരക്ഷിത മേഖലയുടെ ഭാഗമായി അത്രയും സ്ഥലങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് കൊടുക്കാനാണ് റിട്ട. ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഡിസംബര്‍ മുപ്പതിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. പക്ഷെ, മേഖലയില്‍ നേരിട്ട് ചെന്ന് ഫീല്‍ഡ് പരിശോധനക്ക് മുതിരാതെ ഉപഗ്രഹ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ മാപ്പ് പ്രസിദ്ധീകരിച്ചത്. സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനമാക്കിയുള്ള ഏത് മാപ്പ് നിര്‍മാണവും അപൂര്‍ണമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. അവ്യക്തതയും സംശയങ്ങളും നിറഞ്ഞ സര്‍വേ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധമുയരുക സ്വാഭാവികം.

മാപ്പിന്റെ ഗുണദോഷങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചതേയില്ല. അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷവും കര്‍ഷക സംഘടനകളും ഇളകിയപ്പോള്‍ മാത്രമാണ് സര്‍ക്കാറിന് അനക്കമുണ്ടായത്. പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് മാസം കൂടി സമയം നീട്ടി നല്‍കി സംസ്ഥന സര്‍ക്കാര്‍ തടിയെടുത്തിരിക്കുകയാണ്. ഉപഗ്രഹ മാപ്പ് ഏതിലൂടെയാണ് കടന്നുപോകുക, ആരൊക്കെയാണ് ബാധിക്കുക തുടങ്ങിയ വിവരങ്ങളൊന്നും അതില്‍ ഇല്ല. സ്ഥലത്തിന്റെ സര്‍വ്വേ നമ്പര്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. സത്യത്തില്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി കൂടുതല്‍ ആശങ്കയിലാഴ്ത്തുകയാണ് സമിതി ചെയ്തിരിക്കുന്നതെന്ന് തോന്നുന്നു. രണ്ട് മാസം സമയം അനുവദിച്ചിട്ടുണ്ടെങ്കില്‍ പോലും അത് വേണ്ടത്ര പ്രയോജനകരമാകില്ല. 115 വില്ലേജുകളിലാണ് സംരക്ഷിത മേഖല വരുന്നത്. എത്ര കുടുംബങ്ങളെ ബഫര്‍സോണ്‍ ബാധിക്കുമെന്ന് കണ്ടെത്തുകയാണ് പ്രധാനം.

കേരളം പോലെ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്ത് ബഫര്‍സോണ്‍ ദൂരപരിധി ഒരു കിലോമീറ്ററായി നിശ്ചയിക്കാന്‍ പരിമിതിയുണ്ട്. അക്കാര്യത്തില്‍ സര്‍ക്കാരിന് ഇളവ് ചോദിച്ച് വാങ്ങാവുന്നതാണ്. അതിനൊന്നും അധികൃതര്‍ തയാറായില്ല. 14619 കെട്ടിടങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രാദേശികമായി നേരിട്ട് സ്ഥല പരിശോധന ഇല്ലാതെ ഭൂപടം തയാറാക്കുന്നത് ശരിയല്ല. ഉപഗ്രഹ മാപ്പിന്റെ കാര്യത്തില്‍ ആളുകള്‍ക്ക് സംശയമുണ്ടെങ്കില്‍ സഹായം നല്‍കണമെന്ന് വനംവകുപ്പ് ലാന്‍ഡ് റെവന്യൂ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ ജനങ്ങളുടെ ശ്രദ്ധയില്‍ വരുന്ന തരത്തില്‍ അത് പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. അതിനപ്പുറം മറ്റൊന്നും ചെയ്യാതെ അനങ്ങാതിരിക്കുമ്പോഴാണ് മലയോര മേഖലയില്‍ അടക്കം വലിയ പ്രക്ഷോഭങ്ങള്‍ക്ക് കളമൊരുങ്ങുന്നത്. ജനരോഷം ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവും ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ക്കും വിശദീകരണങ്ങള്‍ക്കും കണ്ണില്‍ പൊടിയിടലായി മാത്രമേ സംസ്ഥാനത്തിന് കാണാനാവൂ.

സര്‍ക്കാറിന്റെത് ഒളിച്ചുകളിയാണ്. ചുരുങ്ങിയ സമയപരിധി മാത്രമാണ് സര്‍വേക്ക് നല്‍കിയത്. പ്രതിസന്ധി രൂക്ഷമാക്കാനുള്ള കാരണവും അതാണ്. പ്രതിഷേധങ്ങളോടൊപ്പം കര്‍ഷകര്‍ സ്വന്തം നിലയ്ക്ക് സര്‍വേ നടത്താനും ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ സമര പ്രഖ്യാപനം കണ്‍വെന്‍ഷനുകള്‍ നടക്കുകയാണ്. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംരക്ഷിക്കുകയാണ് ബഫര്‍സോണിലൂടെ ലക്ഷ്യമിടുന്നത്. അക്കാര്യത്തില്‍ അടിയന്തര നടപടികള്‍ വേണമെന്ന് എല്ലാവരും ഒറ്റക്കെട്ടായി അംഗീകരിക്കുന്നുണ്ട്. പക്ഷെ, അതുകൊണ്ട് മാത്രം എല്ലാമായില്ല. തുരങ്ക പാതയും കെ റെയില്‍ പോലുള്ള പദ്ധതികളും പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതങ്ങള്‍ കൂടി സജീവ ചര്‍ച്ചാ വിഷയമായി മുന്നോട്ടു കൊണ്ടുപോകണം.

പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം തന്നെ അതിനുള്ള നടപടികള്‍ കര്‍ഷകരുള്‍പ്പെടെയുള്ള സാധാരണക്കാരെ ഏതെല്ലാം വിധത്തില്‍ ബാധിക്കുമെന്ന് കൂടി പഠിച്ച് വിലയിരുത്തുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയും വേണം. പല സംസ്ഥാനങ്ങളും ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ നയരേഖ തയാറാക്കുകയും കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ അതിനുള്ള പണികള്‍ ആരംഭിച്ചിട്ടേയുള്ളൂ. അതാണെങ്കില്‍ ജനങ്ങളെ വഞ്ചിക്കുന്ന രൂപത്തില്‍ അവ്യക്തത നിറഞ്ഞതുമാണ്. ഇക്കാര്യത്തില്‍ വനംവകുപ്പും റെവന്യൂ വകുപ്പും ഉത്തരം പറയണം. നിസ്സാരമായി തള്ളിക്കളയേണ്ട വിഷയമല്ല ഇതെന്നതുകൊണ്ട് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുക തന്നെ വേണം. അതോടൊപ്പം തലമുറകളായി കൃഷിയെ ആശ്രയിച്ച് കഴിയുന്ന കര്‍ഷകസമൂഹത്തിന്റെ ജീവിതോപാധി നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടായിക്കൂട.

Test User: