X
    Categories: MoreViews

പ്രതിസന്ധി വലുത്; സഹകരണ ബാങ്കുകളുടെ ആവശ്യം ന്യായമാണെന്നും നടപടിയെടുക്കണമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി വലുതാണെന്നും ഇത് ഗ്രാമീണമേഖലയെ ബുദ്ധിമുട്ടിലാക്കിയെന്നും സുപ്രീം കോടതി. സഹകരണ ബാങ്കുകളുടെ ആവശ്യം ന്യായമാണെന്നും അവ പരിഹരിക്കാന്‍ നടപടി എടുക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവേ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സഹകരണ പ്രതിസന്ധിയില്‍ നടപടി ആവശ്യപ്പെട്ടത്.

നോട്ട് അസാധുവാക്കലില്‍ സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്താത്തത് ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ ബാധിച്ചതായും ഇതേതുടര്‍ന്ന് സഹകരണമേഖല കടുത്ത പ്രതിസന്ധിയിലാണെന്നും സഹകരണ ബാങ്കുകള്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബലും പി ചിദംബരവും സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.

സഹകരണബാങ്കുകളുടെ ആവശ്യം ന്യായമാണെന്ന് കോടതി നിരീക്ഷിച്ചു. ഗ്രാമീണമേഖലയിലെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണെങ്കില്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണം എന്നും ചീഫ്ജസ്റ്റിസ് ടി എസ്സ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു. സഹകരണമേഖലയെ രക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

അതേസമയം കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഈ നിലപാടിനെ എതിര്‍ത്തു. നോട്ട് അസാധുവാക്കല്‍ പ്രക്രിയയില്‍ നിന്ന് കേന്ദ്രം സഹകരണ ബാങ്കുകളെ മനഃപൂര്‍വം മാറ്റിനിര്‍ത്തിയതാണെന്നും ഷെഡ്യൂള്‍ഡ് ബാങ്കുകളെ അപേക്ഷിച്ച് മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ സഹകരണ ബാങ്കുകളില്‍ ഇല്ലെന്നും ആദ്ദേഹം കോടതിയെ അറിയിച്ചു.

സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയെ കുറിച്ച് കേന്ദ്രത്തിന് ബോധ്യമുണ്ടെന്നും എന്നാല്‍ സഹകരണ ബാങ്കുകളില്‍ വ്യാജനോട്ടുകള്‍ തിരിച്ചറിയാന്‍ സംവിധാനം ഇല്ലെന്നും മുകുള്‍ റോത്തഗി പറഞ്ഞു. കേരളം, കൊല്‍ക്കത്ത, ജയ്പൂര്‍, മുംബൈ തുടങ്ങിയ വ്യത്യസ്ത ഭാഗങ്ങളില്‍ ബാങ്കുകള്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജികള്‍ ഒരേസമയം പരിഗണിക്കുക അസാധ്യമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

chandrika: