തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഉത്തരവിറക്കി. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ ബോര്‍ഡുകളുടെ പാഠ്യപദ്ധതികള്‍ പിന്തുടരുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് എല്‍.പി, യു.പി, എച്ച്.എസുകളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്നാണ് നിര്‍ദേശം.
കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും വകുപ്പിന്റെ പൊതുനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അധികാരികള്‍, പ്രധാന അധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ഡി.പി.ഐ മുന്നറിയിപ്പ് നല്‍കി. മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുകവഴി ക്ലാസില്‍വെച്ചോ യാത്രക്കിടയിലോ കുട്ടികള്‍ക്ക് വേനല്‍ച്ചൂട്മൂലം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്ക് സ്‌കൂള്‍ അധികാരികള്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും ഉത്തരവില്‍ ഡി.പി.ഐ വ്യക്തമാക്കി.
സംസ്ഥാനത്ത് ചില സ്‌കൂളുകള്‍ മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ബാലാവകാശ സംരക്ഷണ കമ്മീഷന് നിരവധി രാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍വര്‍ഷത്തെ പോലെ ഇത്തവണയും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് നിരോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ ശാരീരിക- മാനസിക സുസ്ഥിതിക്ക് അവധിദിനങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് നിരവധി ആധുനിക മനശാസ്ത്ര പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
അവധിദനങ്ങളിലും പഠനപ്രവര്‍ത്തനത്തിനായി കുട്ടികള്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ അത് അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് തടസമാകും. മാത്രമല്ല, ഏപ്രില്‍- മെയ് മാസങ്ങളില്‍ അനുഭവപ്പെടുന്ന കടുത്ത ചൂടും ജലക്ഷാമവും കാരണം കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ കുട്ടികള്‍ക്കുള്ള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. പരമാവധി ഏഴ് ദിവസത്തേക്ക് താത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍ നിന്നോ ജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍ നിന്നോ മൂന്‍കൂര്‍ അനുമതി വാങ്ങിയശേഷം അവധിക്കാല ക്യാമ്പുകള്‍ നടത്താവൂയെന്നാണ് നിര്‍ദേശം. അനുമതി നല്‍കുന്ന ഓഫീസര്‍ ക്യാമ്പ് നടക്കുന്ന സ്‌കൂള്‍ നേരിട്ട് സന്ദര്‍ശിച്ച് ക്യാമ്പുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ ശുദ്ധജലം, ഭക്ഷണം, ഫാന്‍, ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ളവ ഒരുക്കിയിട്ടുണ്ടെന്ന് പ്രത്യേകം ഉറപ്പാക്കണം. ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുമ്പോള്‍ കുട്ടികള്‍ക്ക് വേനല്‍ച്ചൂടിന്റെ ആഘാതം ഉണ്ടാകാതെ സൂക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതരും ക്യാമ്പ് സംഘാടകരും ശ്രദ്ധിക്കണം. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. ലംഘനമുണ്ടായാല്‍ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു.
മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് സര്‍ക്കാര്‍
Tags: school vacation