X

മുസ്‌ലിംകളെ അപരവത്കരിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ ആശങ്കാജനകം: പി വി അബ്ദുല്‍ വഹാബ് എംപി

മുസ്‌ലിംകളെ അപരവത്കരിക്കുന്ന സർക്കാർ നയങ്ങൾ ആശങ്കാജനകമാണെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി രാജ്യസഭയിൽ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാ മൂല്യങ്ങളനുസരിച്ചു പ്രാക്ടീസ് ചെയ്യുന്ന മുസ്‌ലിമാണ് ഞാൻ. അതിലെനിക്ക് അഭിമാനമുണ്ട്. പക്ഷേ, ഇപ്പോൾ ഇന്ത്യയിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണ്. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചർച്ചയിൽ രാജ്യസഭയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 75 വർഷത്തെ സ്വയംഭരണം നടന്ന നമ്മുടെ രാജ്യത്തിന്റെ യാത്രയിൽ, ചരിത്രപരമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്‌ലിംകൾ ഏറ്റവും പിന്നാക്ക വിഭാഗങ്ങളിലൊന്നായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായി, നിലവിലെ ഭരണം മുസ്‌ലിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സ്വാഭാവികവും മൗലികവും മതപരവുമായ അവകാശങ്ങളെ ലംഘിക്കുന്നു. നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോൾ, അടുത്ത 25 വർഷത്തിനുള്ളിൽ ഭരണഘടനയുടെ 100-ാം വാർഷികം ആഘോഷിക്കുമ്പോൾ നമ്മുടെ രാജ്യത്തിന് എന്ത് സംഭവിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി വേവലാതിപ്പെടുന്നു. ഗാന്ധി കുടുംബത്തിനെതിരെയുള്ള ഇപ്പോഴത്തെ സർക്കാരിന്റെ ആഖ്യാനം അന്യായമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മോത്തിലാൽ നെഹ്‌റു മുതൽ ഇപ്പോൾ രാഹുൽ ഗാന്ധി വരെ, നെഹ്‌റു, ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി ഗാന്ധി കുടുംബത്തിലെ എല്ലാവരും തങ്ങളുടെ രക്തവും ജീവിതവും ജീവിതത്തിന്റെ മറ്റനേകം സുപ്രധാന വശങ്ങളും ഈ രാജ്യത്തിനായി നൽകിയിട്ടുണ്ട്. രാജ്യത്ത് ഗാന്ധി കുടുംബത്തിന്റെ ജനപ്രീതി ഒരു യാഥാർത്ഥ്യമാണ്. ഇത് അടുത്തിടെ വയനാട് മണ്ഡലത്തിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ പ്രിയങ്ക ഗാന്ധി നേടിയ വിജയത്തിലൂടെ വീണ്ടും തെളിയിക്കുകയുണ്ടായി.
നമ്മുടെ രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രവും വർത്തമാനവും പരിശോധിച്ച് വിലയിരുത്തുന്നതിൽ ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തുന്നതാണ് നമ്മുടെ മുൻഗണയും, മാനദണ്ഡവുമെങ്കിൽ കഴിഞ്ഞ 11 വർഷമായി ഈ രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ എല്ലാ തെറ്റായ പ്രവർത്തനങ്ങൾക്കും നമ്മൾ ആരെയാണ്, ഏതു കുടുംബത്തെയാണ് കുറ്റപ്പെടുത്തുക എന്ന് അദ്ദേഹം ചോദിച്ചു. ഈ രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭരണത്തിനും സർക്കാർ മുൻഗണന നൽകണം. മുസ്ലീങ്ങൾക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും നീതിയും ന്യായമായ അവസരവും നൽകുകയും വിദ്വേഷ രാഷ്ട്രീയം ഉപയോഗിച്ച് ഭിന്നിപ്പിക്കുന്ന അജണ്ടകൾ പിന്തുടരുന്നത് അവസാനിപ്പിക്കുകയും വേണം. ഇന്ത്യൻ ജനസംഖ്യയുടെ വലിയൊരു ഭാഗം മുസ്‌ലിംങ്ങൾ ആയതിനാൽ തന്നെ, അവരെ ഒറ്റപ്പെടുത്തി ഈ രാഷ്ട്രം ഭരിക്കുക ഏതു ഭരണകൂടത്തിനും അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

webdesk17: