X

30ന് ശേഷം അസാധുനോട്ട് കൈവശംവെച്ചാല്‍ പിഴ ഈടാക്കാനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡിസംബര്‍ 30ന് ശേഷം അസാധു നോട്ട് കൈവശം വെക്കുന്നവര്‍ക്ക് കനത്ത പിഴനല്‍കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രസര്‍ക്കാറൊരുങ്ങുന്നു. ഓര്‍ഡിനന്‍സ് സംബന്ധിച്ച കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. നിശ്ചിത സമയത്തിന് ശേഷവും അസാധു നോട്ടുകള്‍ കൈവശംവെച്ചാല്‍ കനത്ത പിഴയാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നത്. 50,000 രൂപ കുറഞ്ഞ പിഴ ഈടാക്കും.

പിടിച്ചെടുക്കുന്ന തുകയുടെ അഞ്ചിരട്ടി അല്ലെങ്കില്‍ 50,000 രൂപയോ പിഴ ചുമത്താനാണ് കേന്ദ്ര നീക്കം. ഇതില്‍ ഏതാണോ കൂടുതല്‍ ആ തുകയായിരിക്കും പിഴ നല്‍കേണ്ടത്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ബാങ്ക് വഴി മാറാനുള്ള അവസാന തീയതി ഈ മാസം 30 ആണ്. ഈ തുക ഉപയോഗിച്ച് ഡിസംബര്‍ 30ന് ശേഷം നടക്കുന്ന ഇടപാടുകളെ നിയമവിരുദ്ധമാക്കാനാണ് സര്‍ക്കാറൊരുങ്ങുന്നത്.

അതേസമയം ഡിസംബര്‍ 30ന് ശേഷം റിസര്‍വ് ബാങ്കിന്റെ തെരഞ്ഞെടുത്ത ബ്രാഞ്ചുകള്‍ വഴി പഴയനോട്ടുകള്‍ മാറാന്‍ അവസരമുണ്ടാകും. നേരത്തെ വ്യക്തിക്ക് 5000 രൂപ വരെ അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനാവൂ എന്ന നിര്‍ദ്ദേശം ആര്‍.ബി.ഐ നല്‍കിയെങ്കിലും പിന്‍വലിച്ചിരുന്നു.

chandrika: