മുനീർ കാപ്പാട്
കേരളത്തിലെ സാധാരണക്കാരന് വിതരണം ചെയ്യാനുള്ള ഓണക്കിറ്റിലേക്കുള്ള ശർക്കരയുടെ റീ പാക്കിംഗ് പുറം ലോകത്തെ അറിയിച്ച ചന്ദ്രിക വാർത്തയെ തുടർന്ന് ഭക്ഷ്യയോഗ്യമല്ലാത്തതും
കാലാവധി കഴിഞ്ഞതും അളവ് തൂക്കത്തിൽ വ്യത്യാസം ഉള്ളതുമായ ശർക്കര വിതരണം ചെയ്ത കമ്പനികൾക്കെതിരെ സംസ്ഥാനത്ത് വിജിലൻസ് പരിശോധന ആരംഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം സപ്ലൈക്കോ ശക്തമായ നടപടി എടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെ ശര്‍ക്കരയ്ക്കു പകരം പഞ്ചസാര ഓണക്കിറ്റിൽ ഉൾപ്പെടുത്തുവാൻ അധികൃതർ നിര്‍ദേശം നൽകി
ശര്‍ക്കര പായ്ക്കറ്റില്‍ തൂക്കക്കുറവും നിലവാരക്കുറവും കണ്ടെത്തിയ സ്ഥലങ്ങളിലാണ് മാറ്റം. ശര്‍ക്കരയ്ക്കുപകരം കിറ്റില്‍ അരക്കിലോ പഞ്ചസാര അധികം ഉള്‍പ്പെടുത്തും. ശര്‍ക്കര ഇടപാടിലെ ക്രമക്കേടിനെക്കുറിച്ചുള്ള ചന്ദ്രിക വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
അതിനിടെ ഓണക്കിറ്റിലേക്കെത്തിച്ച അഞ്ച് ലോഡ് ശര്‍ക്കര തൂക്കക്കുറവും ഗുണനിലവാരവും ഇല്ലാത്തതിനാല്‍ സപ്ലൈകോ തിരിച്ചയച്ചു. ഇ റോഡ് ആസ്ഥാനമായുള്ള എ.വി.എന്‍ ട്രേഡേഴ്സും കോഴിക്കോട് ആസ്ഥാനമായുള്ള നോര്‍ത്ത് മലബാര്‍ കോര്‍പറേറ്റീവ് സൊസൈറ്റിയും എത്തിച്ച ശര്‍ക്കരയാണ് നിരാകരിച്ചത്. ശര്‍ക്കരയുടെ ഗുണനിലവാരത്തിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. പത്തനംതിട്ടയില്‍ നാല് ലോഡും കൊച്ചിയില്‍ ഒരു ലോഡുമാണ് തിരിച്ചയച്ചത്.
ഇക്കഴിഞ്ഞ പതിനൊന്നാം തീയതി കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂരിലെ സ്വകാര്യവ്യക്തിയുടെ കല്യാണ ഓഡിറ്റോറിയത്തിൽ വച്ച് ഓണക്കിറ്റ് വിതരണം ചെയ്യാനുള്ള ശർക്കരയുടെ റീ പാക്കിംഗ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശർക്കരയുടെ റീ പാക്കിംഗ് തടഞ്ഞു ശർക്കരയുടെ സാമ്പിളെടുത്ത് ലാബ് പരിശോധനക്ക് അയക്കുകയും ചെയ്തു തുടർന്ന് സ്ഥലത്തെത്തിയ സപ്ലൈകോ റീജിയണൽ മാനേജർ എൻ രഘുനാഥ് വിവിധ ജില്ലകളിലേക്കുള്ള ശർക്കരയുടെ പാക്കിങ് ഇവിടെ നടക്കുന്നതെന്നും ഈ ശർക്കര മുഴുവനായും തിരിച്ചയക്കാൻ വേണ്ടി നിർദേശിച്ചതായി അന്ന് ചന്ദ്രികയോട് പറഞ്ഞിരുന്നു.
കൃത്യമായ തൂക്കത്തിൽ ഉള്ളതും ഗുണനിലവാരമുള്ളതുമായ ശർക്കര മാത്രമേ സപ്ലൈകോ വാങ്ങുകയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു
പത്തനംതിട്ടയിലെ റാന്നിയില്‍ എത്തിച്ച രണ്ട് ലോഡില്‍ മിക്ക പായ്ക്കറ്റിലും തൂക്കക്കുറവ് കണ്ടെത്തി. കോഴിക്കോട്ടെ നോര്‍ത്ത് മലബാര്‍ കോര്‍പറേറ്റീവ് സൊസൈറ്റിയാണ് ഇവിടെ ശര്‍ക്കര വിതരണം ചെയ്തത്. കൊച്ചിയില്‍ എത്തിച്ച ഒരുലോഡില്‍ ഭൂരിഭാഗം പായ്ക്കറ്റുകളും പൊട്ടിയൊലിച്ച നിലയിലായിരുന്നു. ഇ റോഡുള്ള എ.വി.എന്‍ ട്രേഡേഴ്സിനായിരുന്നു ഇവിടുത്തെ വിതരണചുമതല. തൂക്കക്കുറവും ഗുണനിലവാരമില്ലായ്മയും കാരണം സപ്ലൈകോ ശര്‍ക്കര വ്യാപകമായി തിരിച്ചയക്കുമ്പോഴും വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെയടക്കം പരിഹസിക്കാനാണ് സഹകരണമന്ത്രിക്ക് താല്‍പര്യം.
പലയിടത്തും റീപായ്ക്ക് ചെയ്യാന്‍പോലും കഴിയാത്ത തരത്തില്‍ ദ്രാവകരൂപത്തിലാണ് ശര്‍ക്കര വന്നിരിക്കുന്നത്. പായ്ക്കറ്റ് ചോര്‍ന്നാല്‍ കിറ്റ് മുഴുവന്‍ നശിക്കും. നീല കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം ചൊവ്വാഴ്ച ആരംഭിക്കണം. ശര്‍ക്കരയുടെ കാര്യത്തിലുള്ള അനശ്ചിതത്വം കിറ്റ് തയാറാക്കുന്ന ജോലികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.