X

കേരള സര്‍ക്കാരും നീറോ ചക്രവര്‍ത്തിയും-എഡിറ്റോറിയല്‍

യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന യുക്രെയിനില്‍നിന്ന് ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളടക്കമുള്ള പൗരന്മാരെ രക്ഷിച്ചുകൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ കാട്ടിയ അനവധാനത വലിയ അന്താരാഷ്്ട്ര പ്രശ്‌നമായി വളര്‍ന്നുവന്നിരിക്കുകയാണിപ്പോള്‍. ഇരുപതിനായിരത്തിലധികം ഇന്ത്യക്കാരാണ് അവിടെ കഴിയുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിലുമെത്രയോ അധികം പേരുണ്ടെന്നാണ് അനൗദ്യോഗിക വിവരം. റഷ്യ രൂക്ഷ ആക്രമണം നടത്തുന്ന യുക്രെയിന്റെ കിഴക്കന്‍ മേഖലകളിലുള്ള കുട്ടികളാണ് പ്രധാനമായും വലിയ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നത്. യുദ്ധം ആരംഭിക്കുമെന്നതിന് എല്ലാ സൂചനകളും കിട്ടിയിട്ടും മോദി സര്‍ക്കാര്‍ അക്ഷന്തവ്യമായ അനവധാനതയാണ് കാട്ടിയതെന്ന് എല്ലാവരും സമ്മതിക്കുന്നു. യുദ്ധം ആരംഭിച്ച് ഇന്നേക്ക് ഒന്‍പതാം ദിവസമായിട്ടും ഇന്ത്യന്‍ പൗരന്മാരെ പൂര്‍ണമായും നാട്ടിലെത്തിക്കാനുള്ള നടപടിയുണ്ടായിട്ടില്ല. 26 വിമാനങ്ങളിലായി ആകെ കൊണ്ടുവരാന്‍ കഴിഞ്ഞത് അയ്യായിരത്തോളംപേരെ മാത്രമാണ്. ഇതിനിടെ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അവിടെ കൊടിയ യാതനകള്‍ അനുഭവിക്കുന്നതെന്ന് കുട്ടികള്‍ അയച്ച മൊബൈല്‍ സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നിട്ടും എന്തുകൊണ്ടോ ഇരു സര്‍ക്കാരുകളും വലിയ അലംഭാവമാണിപ്പോഴും കാട്ടിക്കൊണ്ടിരിക്കുന്നത്. രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുദ്ധരാജ്യത്ത് മരണമടഞ്ഞത്. ഒരു വിദ്യാര്‍ഥിക്ക് വെടിയേറ്റിട്ടുമുണ്ട്.മൈനസ് ഡിഗ്രി തണുപ്പും വെള്ളവും ഭക്ഷണവും താമസിക്കാനിടമില്ലാത്തതും സകലരുടെയും കരളലയിക്കുന്നു.

കേരളത്തില്‍നിന്ന് നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ യുക്രെയിനില്‍ ഉണ്ടെന്നാണ് സര്‍ക്കാരുകള്‍ ആദ്യം പറഞ്ഞതെങ്കിലും അതിലുമെത്രയോ അധികം പൗരന്മാരവിടെ ഉണ്ടെന്നാണ് പുതുതായി കിട്ടുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം 2500 ഓളം കുട്ടികളുടെ കണക്കാണ് പറഞ്ഞതെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പിന്നീടത് 3250 ആയി അത് വര്‍ധിപ്പിച്ചു. സത്യത്തില്‍ യുക്രെയിനുള്ളവരുടെ യഥാര്‍ഥ സംഖ്യയെക്കുറിച്ച് ഇന്ത്യക്ക് യാതൊരു വിവരവുമില്ലെന്നതാണ് ഇതിനകം ബോധ്യമായിരിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയടക്കമുള്ളവരാകട്ടെ ഈ പ്രതിസന്ധി ഘട്ടത്തില്‍ അവരുടെ പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിലുമാണ്. പിന്നെ ആരാണ് ഹതഭാഗ്യരായ നമ്മുടെ കുട്ടികളുടെ രക്ഷക്കെത്താനുള്ളതെന്ന ചോദ്യം വനരോദനമായി അവശേഷിക്കുന്നു. കേരളത്തില്‍നിന്നുള്ള കുട്ടികളില്‍ ഇതുവരെ എത്തിയത് എഴുന്നൂറോളം പേരാണെന്ന് നോര്‍ക്ക അധികൃതര്‍ പറയുമ്പോള്‍ ഇനിയെന്നാണ് മറ്റുള്ള 2000 ത്തിലധികം കുട്ടികളെ എത്തിക്കുക എന്ന ചോദ്യം ബാക്കികിടക്കുന്നു. യുക്രെയിനിലെ കീവ്, സൂമി, ലീവ്, ഒഡേസ തുടങ്ങിയ കിഴക്കന്‍ പ്രദേശത്തുള്ളവര്‍ക്കാണ് പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് വരാന്‍ ബുദ്ധിമുട്ട് നേരിടുന്നത്. പോളണ്ട്, റൊമേനിയ, ഹംഗറി, മള്‍ഡോവ എന്നീ രാജ്യങ്ങളിലേക്കെത്തണമെങ്കില്‍ ആയിരത്തോളം കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ട്രെയിനുകളും മറ്റും യുക്രെയിനികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും മറ്റു വാഹനങ്ങള്‍ ലഭ്യമല്ലാതാകുകയും ചെയ്തതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കിലോമീറ്ററുകള്‍ കാല്‍നടയായാണ് പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്കെത്തേണ്ടിവരുന്നത.് അതിര്‍ത്തികളില്‍ ഇന്ത്യക്കാര്‍ക്കെതിരെ യുക്രെയിന്‍ പട്ടാളക്കാരുടെ മര്‍ദനം വരെയുണ്ടായി. ഇന്ത്യന്‍ എംബസിഅധികൃതര്‍ ഉത്തരവുകള്‍ നല്‍കുന്നതല്ലാതെ നേരിട്ടെവിടെയും എത്തി കുട്ടികളുടെ രക്ഷാദൗത്യത്തിന് മുന്‍കൈ എടുക്കുന്നില്ലെന്ന പരാതി രൂക്ഷമായതിനെതുടര്‍ന്ന് നാല് കേന്ദ്രമന്ത്രിമാരെ അയച്ചെങ്കിലും അവരിലൂടെയും ദൗത്യം പകുതിപോലുമാക്കാന്‍ ആയിട്ടില്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കഴിഞ്ഞദിവസം പറഞ്ഞത്, രണ്ടായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രെയിന്‍ ബന്ദികളാക്കിയെന്നാണ്. ഇത് നിഷേധിച്ചെങ്കിലും എത്ര കുട്ടികളാണ് അവിടെ കുടുങ്ങിക്കിടക്കുന്നതെന്ന് പറയാന്‍പോലും മോദി സര്‍ക്കാരിനാവുന്നില്ല. റഷ്യ സമ്മതിച്ചിട്ടും അവിടം വഴി കുട്ടികളെ എത്തിക്കാനാവാത്തതും നയതന്ത്രവീഴ്ചയാണ്. 1990ല്‍ കുവൈത്ത് അധിനിവേശകാലത്ത് 1,70,000 പേരെയാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷിതമായി നാട്ടിലെത്തിച്ചത്. മുന്‍കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ നേതൃത്വത്തില്‍ പലപ്പോഴായി നൂറുകണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായതും ഈ അവസരത്തില്‍ ഓര്‍ക്കണം.

യുദ്ധ വാര്‍ത്തകള്‍ക്കൊപ്പം മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് സി.പി.എം സംസ്ഥാന സമ്മേളനവാര്‍ത്തകളാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പൂര്‍ണമായും മാര്‍ച്ച് ഒന്നുമുതല്‍ കൊച്ചിയിലെ സമ്മേളന സ്ഥലത്താണ്. ഏപ്രിലില്‍ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസും നടക്കാനിരിക്കുന്നതോടെ പിണറായിയും സംഘവും ഇനിയെന്ന് മലയാളികളുടെ രക്ഷാദൗത്യത്തിന് മുന്‍കൈയെടുക്കുമെന്ന് പറയുക പ്രയാസം. ഇതിനിടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ എം.പിയും എം.എല്‍.എയുമടക്കം നാല് നേതാക്കളെ യുക്രെയിന്‍ അതിര്‍ത്തിയിലേക്ക് അയച്ചുവെന്ന വാര്‍ത്തകള്‍. കേരളത്തില്‍നിന്നാണ് കുട്ടികളധികവും അവിടെ കഴിയുന്നതെന്നറിഞ്ഞിട്ടും മുംബൈയില്‍നിന്നും ഡല്‍ഹിയില്‍നിന്നും സൗജന്യമായി കുട്ടികളെ കൊണ്ടുവരുന്നതിനപ്പുറം മറുത്തൊന്നുംചെയ്യാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ ശ്രദ്ധ മുഴുവന്‍ സി.പി.എം സമ്മേളനത്തില്‍ കുരുങ്ങിയത് കൊണ്ടല്ലേ? ഇരുസര്‍ക്കാരുകളും ഇവ്വിധം സ്വന്തം പൗരന്മാരെ അധിക്ഷേപിക്കുന്നതിന്പകരം ഈ കൊടുംപ്രതിസന്ധിയില്‍ അവര്‍ക്കും കുടുംബങ്ങള്‍ക്കും താങ്ങും തണലുമാകുകയാണ് വേണ്ടത്. റോമാനഗരം കത്തിയെരിയുമ്പോഴത്തെ നീറോ ചക്രവര്‍ത്തിമാരാകരുത് ജനാധിപത്യത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍.

Test User: