പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ ഗോവയിലെ കാലംഗട്ടില്‍ സ്ഥാപിച്ച് ഗോവന്‍ സര്‍ക്കാര്‍.
യുവാക്കള്‍ക്ക് പ്രചോദനമാവാന്‍ വേണ്ടിയാണ് റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചതെന്ന് ഗോവന്‍ മന്ത്രി മിഷേല്‍ ലോബോ പറഞ്ഞു.
ഗോവയിലെ ഫുട്‌ബോള്‍ വളര്‍ത്തലാണ് ഇതിന് പിന്നില്ലുള്ള ലക്ഷ്യമെന്നും ക്രിസ്റ്റ്യാനോയുടെ പ്രതിമ ഇന്ത്യയില്‍ ആദ്യമായാണ് സ്ഥാപിക്കപ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി. പ്രതിമ നിര്‍മിക്കാനായി വേണ്ടിവന്നത് 12 ലക്ഷം രൂപയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 3 വര്‍ഷം മുമ്പാണെന്നും കോവിഡ് കാരണം നിര്‍മാണം നിര്‍ത്തിവെച്ചതായിരുന്നെന്നും മന്ത്രി പറഞ്ഞു.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളെ ഗോവയില്‍ ഫുട്‌ബോള്‍ വളര്‍ത്താന്‍ വേണ്ടി പരിശീലകരായി നിയമിക്കുമെന്നും റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിക്കുന്നതിനോട് എതിര്‍പ്പുളളവര്‍ ഫുട്‌ബോളിനെ തന്നെ വെറുക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.