X
    Categories: MoreViews

‘സര്‍ക്കാര്‍ മെഡിക്കല്‍ കോളജും ശരിയാക്കി’ യൂത്ത് ലീഗ് ഇരിപ്പുസമരം 14ന്

കല്‍പ്പറ്റ: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14ന് രാവിലെ 9 മണി മുതല്‍ കല്‍പ്പറ്റ പഴയ ബസ്റ്റാന്റ് പരിസരത്ത് ഇരിപ്പുസമരം നടത്തും. സമരം സംസ്ഥാന ട്രഷറര്‍ എം. എ സമദ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. എല്‍ ഡി എഫ് സര്‍ക്കാരിന്റെ രണ്ടാം ബജറ്റിലും ഒരു ജനതയുടെ ചിരകാലസ്വപ്‌നമായ വയനാട് മെഡിക്കല്‍ കോളജിനെ പരാമര്‍ശിച്ചിരുന്നില്ല. ആദ്യബജറ്റില്‍ തുക വകയിരുത്താത്തതിനെ ചൊല്ലി ജില്ലയിലുട നീളം പ്രതിഷേധ കൂട്ടായ്മകള്‍ രൂപപ്പെട്ടിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ മെഡിക്കല്‍ കോളജിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ബീഫ് ബജറ്റ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാം ബജറ്റിലും പരാമര്‍ശമില്ലാത്ത സാഹചര്യത്തില്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് ലീഗ് ഇരിപ്പു സമരം നടത്തുന്നത്. യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 900 കോടിയുടെ മെഡിസിറ്റി എന്ന ബൃഹദ് പദ്ധതിയാണ് എല്‍ ഡി എഫ് ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും പിടിപ്പുകേട് കൊണ്ട് ത്രിശങ്കുവിലായിരിക്കുന്നത്. കല്‍പ്പറ്റയില്‍ നിന്നും ആറുകിലോമീറ്റര്‍ അകലെ കോട്ടത്തറ വില്ലേജില്‍ 50 ഏക്കറില്‍ നിര്‍മിക്കാന്‍ തീരുമാനിച്ച മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനം 2015 ജൂലൈ 12ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ അഭിമാനപദ്ധതിയായി പ്രഖ്യാപിച്ച മെഡിക്കല്‍ കോളജ് പ്രവര്‍ത്തിപഥത്തിലെത്തുന്നതോടെ ജില്ലയിലെ 8,16,558 പേര്‍ക്കും ആശ്വാസമാവുമായിരുന്നു. 2 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്്തൃതിയില്‍ ദേശീയ നിലവാരത്തിലാണ് കോളജ് പണിയാന്‍ ഉദ്ദേശിച്ചത്. 7,701 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് ജില്ലയിലെ നിലവിലെ ഡോക്ടര്‍രോഗി അനുപാതം. 170 ലധികം ഡോക്ടര്‍മാരാണ് ജില്ലയില്‍ നിലവിലുള്ള ആസ്പത്രികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടത്. നാല്‍പ്പതിലധികം ഡോക്ടര്‍മാരുടെ കുറവ് ഇവിടെ വര്‍ഷങ്ങളായുണ്ട്. ജില്ലാ ആസ്പത്രിയില്‍ 33 സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് അത്രയും ഡോക്ടര്‍മാര്‍ നിലവിലില്ല. പ്രത്യേക ചികിത്സ വേണ്ടിവരുന്നവര്‍ക്കു ആശ്രയം കോഴിക്കോട് മെഡിക്കല്‍ കോളജ് മാത്രമാണ്.
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ടെണ്ടര്‍ ചെയ്ത മെഡിക്കല്‍ കോളജിലേയ്ക്കുളള 1.8 കിലോമീറ്റര്‍ റോഡ് തറക്കല്ലിട്ടതൊഴിച്ചാല്‍ യാതൊരു പുരോഗതിയും മെഡിക്കല്‍ കോളജിന്റെ കാര്യത്തിലുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് രണ്ടാമതും സമരവുമായി രംഗത്തെത്തുന്നത്. നേരത്തേ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളജ് വിഷയത്തില്‍ കാലതാമസം നേരിടുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കലക്ടറേറ്റ്, സെക്രട്ടറിയേറ്റ് മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു. സമരത്തെത്തുടര്‍ന്ന് പദ്ധതികള്‍ക്ക് ഗതിവേഗം കൂടുകയും 69 കോടി രൂപ പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു.

chandrika: