X

മോദി സര്‍ക്കാറിന്റെ ഇരുട്ടടി വീണ്ടും; ദുരിതത്തിലാക്കാന്‍ പാന്‍ കാര്‍ഡിലും പരീക്ഷണം

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി തീരുംമുമ്പ് ജനങ്ങളെ ദുരിതത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം. 30000 രൂപക്കു മുകളില്‍ നടത്തുന്ന ബാങ്ക് ഇടപാടുകള്‍ക്ക് പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) നിര്‍ബന്ധമാക്കുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. എല്ലാ ക്യാഷ് പെയ്‌മെന്റിനും നിക്ഷേപത്തിനും പിന്‍വലിക്കലിനും ഇത് ബാധകമാവും. നേരത്തെ അമ്പതിനായിരം രൂപക്കു മുകളിലുള്ള ഇടപാടുകള്‍ക്കായിരുന്നു പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നത്. മെര്‍ച്ചെന്റ് ട്രാന്‍സാക്ഷനുകള്‍ക്കും ഇത് ബാധകമാകുമെന്നാണ് വിവരം.

കറന്‍സി രഹിത ഇന്ത്യയെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വാദം. പണമിടപാടുകള്‍ കുറച്ച് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ ബാങ്ക് വഴിയുള്ള എല്ലാ പണമിടപ്പാടുകള്‍ക്കും നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് വകുപ്പു തലത്തില്‍ പഠനം നടക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

chandrika: