ന്യൂഡല്‍ഹി: മൊബൈല്‍ ഫോ ണ്‍, ബാങ്കിങ് സേവനങ്ങള്‍ തുടങ്ങി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പൗരന്‍മാര്‍ക്ക് നല്‍കുന്നത് ആശ്വാസവും ആശങ്കയും.
സ്വകാര്യ കമ്പനികള്‍ക്ക് ഇതിനോടകം കൈമാറിയ ആധാര്‍ വിവരങ്ങള്‍ സംബന്ധിച്ചാണ് ഇനി ആശങ്കകള്‍ ബാക്കിയാവുന്നത്. സ്വകാര്യ കമ്പനികള്‍ക്കും, വ്യക്തികള്‍ക്കും ആധാര്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതോടെ ടെലികോം, ഇ കൊമേഴ്‌സ് കമ്പനികള്‍, സ്വകാര്യ ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്‍ ചോദിക്കാനാവില്ല.
ആധാര്‍ വിധി വലിയ ആശ്വാസകരമാണ്, എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് ഇതിനോടകം കൈമാറ്റം ചെയ്തിട്ടുള്ള ആധാര്‍ വിവരങ്ങള്‍ വില്‍ക്കുകയോ, ദുരുപയോഗം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പിക്കുന്നത് ഏറെ ദുഷ്‌കരമായ പ്രവര്‍ത്തിയായിരിക്കുമെന്ന് ദേശീയ സൈബര്‍ നിയമ വിദഗ്ധനായ പവന്‍ ദഗല്‍ പറയുന്നു. സ്വകാര്യ കമ്പനികള്‍ ശേഖരിച്ച ആധാര്‍ വിവരങ്ങള്‍ ഇനി മായ്ച്ചു കളയേണ്ടതുണ്ട്. എന്നാല്‍ ഈ വിവരങ്ങള്‍ തങ്ങളുടെ ആവശ്യത്തിനു വേണ്ടി കമ്പനികള്‍ പകര്‍പ്പെടുത്ത് സൂക്ഷിക്കുകയോ, സാമ്പത്തിക നേട്ടത്തിനായി ആധാര്‍ ഉപഭോക്താവിനെ നിരീക്ഷിക്കുയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
സ്വകാര്യ കമ്പനികളുടെ കൈവശമുള്ള വിവരങ്ങള്‍ ഏത് ഏജന്‍സി ഓഡിറ്റ് ചെയ്യുമെന്നതാണ് ഇനി പ്രധാനമെന്നും സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ ദഗല്‍ പറയുന്നു. തങ്ങളുടെ സംവിധാനത്തോടൊപ്പം ആധാര്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിനായി സ്വകാര്യ കമ്പനികള്‍ വലിയ രീതിയിലുള്ള പണം ചെലവഴിച്ചിട്ടുണ്ട്. ഇത് മുഴുവന്‍ ഇപ്പോള്‍ വൃഥാവിലായിരിക്കുകയാണ്. ഇനി രാജ്യത്തിന് പുതിയ ആധാര്‍ സംവിധാനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് യു. െഎ. ഡി. എ. ഐ 50 ഓളം പരാതികള്‍ സ്വകാര്യ കമ്പനികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആധാര്‍ വിവരങ്ങള്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കും നിയമങ്ങള്‍ക്കും പുറത്തായുള്ള ഡാറ്റാ സെന്ററുകളില്‍ പോലും ശേഖരിച്ചു വെച്ചിട്ടുണ്ട്. ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ സൈബര്‍ നിയമം രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ വ്യക്തികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ സ്വീകരിക്കാനാവില്ലെന്ന സുപ്രീം കോടതി വിധി ഇരട്ട തലയുള്ള വാളാണെന്ന് നിയമ കമ്പനിയായ കെയ്താന്‍ ആന്റ് കോ യുടെ പാര്‍ട്ണറായ സുപ്രതിം ചക്രബര്‍ത്തി അഭിപ്രായപ്പെട്ടു.
സാമൂഹിക കാഴ്ചപ്പാടിലും വ്യക്തിപരമായ കാഴ്ചപ്പാടിലും നിങ്ങളുടെ വിവരങ്ങള്‍ സ്വകാര്യ പാര്‍ട്ടി ഉപയോഗിക്കുന്നത് സംരക്ഷിക്കുന്നതിനായി വേണ്ട മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ആവശ്യമായ നിയമ ചട്ടക്കൂട് ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.