X

തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഞെക്കികൊല്ലുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഞെക്കിക്കൊല്ലുന്നുവെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അധികാര വികേന്ദ്രീകരണത്തിന് പകരം അധികാര കേന്ദ്രീകരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കത്തിനെതിരെ ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗ് (എല്‍.ജി.എം.എല്‍)സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഭിച്ച അധികാരങ്ങള്‍ വിനിയോഗിക്കാന്‍ യാതൊരു അധികാരമില്ലാത്തവരായി തദ്ദേശ സ്ഥാപനങ്ങള്‍ മാറി. പണം ചെലവാക്കാന്‍ പാടില്ലെന്ന നിര്‍ദേശമാണ് തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല.
ജനാധിപത്യ രീതീയില്‍ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഹനിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒന്നിനും സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യില്‍ പണമില്ലാത്ത അവസ്ഥയാണ്. മുമ്പും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അന്നെല്ലാം ഭരണനേതൃത്വം അതിന് പരിഹാരം കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് പകരം സാമൂഹ്യപെന്‍ഷന്‍ അടക്കമുള്ളവ നിര്‍ത്തിവെക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ വേറെ പണിനോക്കുകയാണ് വേണ്ടത്. പെന്‍ഷന്‍ കിട്ടാത്തതിനാല്‍ ആത്മഹത്യകള്‍ പെരുകുന്നു. അധ്യാപകരും ജീവനക്കാരും സമരത്തിലാണ്. ഇതിനോട് എല്ലാം മുഖം തിരിച്ച് നിന്നിട്ട് കാര്യമില്ല. ജനങ്ങളോട് നീതി പുലര്‍ത്താന്‍ സര്‍ക്കാര്‍ കഴിയുന്നില്ലെന്നും ഇത്തരക്കാര്‍ക്ക് ഭരണത്തില്‍ ഇരിക്കാന്‍ അവകാശമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

webdesk13: