X

സര്‍ക്കാര്‍ നടപ്പാക്കുന്നത് കാട്ടുനീതി: വി.ഡി സതീശൻ

പി.വി. അന്‍വറിന്റെ തടയണ പൊളിക്കുമെന്ന് ഇപ്പോള്‍ പറയുന്നവര്‍ ഇത്രയും കാലം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുകയായിരുന്നോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എമ്മിനൊപ്പം നില്‍ക്കുമ്പോള്‍ എന്തു തെറ്റു ചെയ്താലും സംരക്ഷിക്കുമെന്നും സി.പി.എമ്മില്‍ നിന്നും പുറത്തായാല്‍ നടപടിയെടുക്കുമെന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്. ഇത് എന്തൊരു കാട്ടുനീതിയാണ്? സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ ലഹരിക്കടത്ത് സംഘങ്ങള്‍ക്കെല്ലാം പാര്‍ട്ടി സംരക്ഷണം നല്‍കുകയാണെന്നും സതീശൻ പറഞ്ഞു.

ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികള്‍ ജയിലില്‍ കിടന്നു കൊണ്ടാണ് എല്ലാ സമൂഹിക വിരുദ്ധ ഏര്‍പ്പാടുകള്‍ക്കും നേതൃത്വം നല്‍കുന്നത്. ഷുഹൈബ് കൊലക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ തുടര്‍ന്നും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു. ഏത് ഷേഡി ഏര്‍പ്പാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയാലും അവരെ സി.പി.എം പൂര്‍ണമായും സംരക്ഷിക്കും. പാര്‍ട്ടി വിട്ട് പുറത്തു വന്നാല്‍ നടപടി എടുക്കും. എന്ത് നീതിന്യായ വ്യവസ്ഥയാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് നടപ്പാക്കുന്നത്? നിങ്ങള്‍ പറയുന്നതാണോ നീതി? നിങ്ങള്‍ പറയുന്നത് മാത്രമാണോ കുറ്റം? അതുകൊണ്ടാണ് എല്ലാ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും സര്‍ക്കാരും സി.പി.എം രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നെന്ന് പ്രതിപക്ഷം പറഞ്ഞത്.

സര്‍ക്കാരിനെതിരെയാണ് ഭരണകക്ഷി എം.എല്‍.എ സംസാരിക്കുന്നത്. അയാളെ കേള്‍ക്കാന്‍ എല്ലാവരും പോയിട്ടുണ്ടാകും. ഉമ്മന്‍ ചണ്ടിയും കെ.സി വേണുഗോപാലും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാരാണിത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിട്ടും എനിക്കെതിരെ കേസെടുത്തു. അതിന് ശേഷം ഇ.ഡിക്ക് നല്‍കി. ഞങ്ങളുമായി സെന്റില്‍മെന്റാണെങ്കില്‍ കേസെടുക്കുമോ? ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരമായി കേസുകളെടുക്കുകയാണ്. എന്നിട്ടും ഏത് സാഹചര്യത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സെറ്റില്‍മെന്റാണെന്ന് അന്‍വര്‍ പറഞ്ഞതെന്ന് അറിയില്ല.

മുഖ്യമന്ത്രി എതിരെ ഇതൊക്കെ പറയണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേര്‍ സി.പി.എമ്മിലുണ്ട്. എന്നാല്‍ പറയാനുള്ള ധൈര്യമില്ല. അവരുടെയൊക്കെ നാവായി അന്‍വര്‍ മാറിയെന്നാണ്കരുതുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

webdesk13: