ഏകാകികള്‍ക്കുവേണ്ടി പ്രത്യേക മന്ത്രാലയമുള്ള രാജ്യമാണ് ജപ്പാന്‍. കോവിഡ് മഹാമാരി പടര്‍ന്നുതുടങ്ങിയ ശേഷം രാജ്യത്ത് ആത്മഹത്യകള്‍ പെരുകിയ പശ്ചാത്തലത്തിലാണ് അന്നത്തെ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദ സുഗ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങളിലേക്ക് കണ്‍തുറന്നത്. സാമ്പത്തിക പ്രതിസന്ധിക്കപ്പുറം സാമൂഹിക പ്രശ്‌നങ്ങളായിരുന്നു രാജ്യത്ത് ആത്മഹത്യ പെരുകാന്‍ കാരണം. കോവിഡ് കാലത്ത് സെലിബ്രിറ്റികള്‍ക്കിടയിലും ആത്മഹത്യകള്‍ കൂടിയെന്നത് ജപ്പാനെ കൂടുതല്‍ ഞെട്ടിച്ചു. മഹാമാരിക്കുമുമ്പും ജപ്പാന്‍കാര്‍ക്കിടയില്‍ ജീവനൊടുക്കുന്ന പ്രവണ കൂടുതലാണ്. ജോലി ഭാരവും സാമൂഹിക ഒറ്റപ്പെടലും അവരെ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. നാഷണല്‍ പൊലീസ് ഏജന്‍സിയുടെ കണക്കുപ്രകാരം 2020ല്‍ 20,919 പേരാണ് ആത്മഹത്യ ചെയ്തത്. കോവിഡിന്റെ പ്രാരംഭഘട്ടത്തില്‍ ഇന്ത്യയിലും ആത്മഹത്യകള്‍ വര്‍ധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. 2018നും 2020നുമിടക്ക് സാമ്പത്തിക പരാധീനതകള്‍ കാരണം 25,251 പേര്‍ ജീവനൊടുക്കിയെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായ് രാജ്യസഭയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.
2020ല്‍ രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തിക ഭാരങ്ങളും 8761 പേരെ ആത്മഹത്യയിലേക്ക് നയിച്ചു. രാജ്യസഭയില്‍ മന്ത്രി പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020ല്‍ രാജ്യത്ത് 1.53 ലക്ഷത്തിലേറെ പേര്‍ ജീവനൊടുക്കിയതായി എന്‍.സി.ആര്‍.ബി പറയുന്നു. ഇക്കാലയളവില്‍ കോവിഡ് ബാധിച്ച് മരിച്ചത് 1.49 ലക്ഷം പേരാണ്. അതായത് കോവിഡിനെത്തുടര്‍ന്ന് മരിച്ചവരേക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് വ്യക്തം. മഹാമാരിയായിരുന്നു ആളുകളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും എന്‍.സി.ആര്‍.ബി ചൂണ്ടിക്കാട്ടുന്നുണ്ട്. 2020ല്‍ ആത്മഹത്യ ചെയ്തവരില്‍ 37,666 ആളുകള്‍ കൂലിത്തൊഴിലാളികളാണ്. കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണുകളും ഏറ്റവും കൂടുതല്‍ ബാധിച്ചത് സാധാരണക്കാരെയായിരുന്നു. ജപ്പാനിലെന്ന പോലെ ഇന്ത്യയിലും നിരവധി സെലിബ്രിറ്റികള്‍ ആത്മഹത്യചെയ്തു. കണക്കുകളുടെ പുകമറ സൃഷ്ടിച്ച് യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആത്മഹത്യ ചെയ്തവരുടെ എണ്ണം വെട്ടിക്കുറക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത മറച്ചുവെക്കാമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നുണ്ട്.
നോട്ടുനിരോധനമുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ കാരണം നടുവൊടിഞ്ഞ സമ്പദ്ഘടനക്ക് മഹാമാരിയുണ്ടാക്കിയ ആഘാതം ചെറുതല്ല. കോടിക്കണക്കിന് ആളുകള്‍ പട്ടിണിയിലേക്ക് കൂപ്പുകുത്തി. തൊഴില്‍ നഷ്ടപ്പെട്ട് മാസങ്ങളോളം വരുമാനം നിലച്ചപ്പോള്‍ ഭക്ഷണത്തിനുപോലും വകയില്ലാതെ പാവപ്പെട്ടവര്‍ നരകിച്ചു. കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ഡൗണുകളെത്തുടര്‍ന്ന് ഇന്ത്യന്‍ ജനസംഖ്യയില്‍ 45 ശതമാനം കടം വാങ്ങിയാണ് ഭക്ഷണം കഴിച്ചതെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു. പിന്നാക്ക വിഭാഗങ്ങളാണ് കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകള്‍. ഇന്ത്യ രോഗശയ്യയില്‍ കിടക്കുമ്പോള്‍ ധനികനെ പാലൂട്ടുന്നതിലായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധ. പാവപ്പെട്ടന്റെ ദുരിതങ്ങളിലേക്ക് കേന്ദ്രത്തിന്റെ കണ്ണെത്തിയില്ല. ജപ്പാനെപ്പോലെ ആത്മഹത്യ തടയാന്‍ മന്ത്രിയെ നിയോഗിച്ചില്ലെങ്കിലും കഷ്ടപ്പെടുന്നവര്‍ക്ക് സാന്ത്വനം പകരാനെങ്കിലും ശ്രമിക്കേണ്ടിയിരുന്നു. പ്രതിസന്ധിയുടെ കുറ്റമെല്ലാം സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെച്ച് ഉറക്കം നടിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് കാലത്തെ അടച്ചുപൂട്ടലും സാമ്പത്തിക തകര്‍ച്ചയും രാജ്യത്തെ ചെറുകിട കച്ചവടക്കാരെ കുത്തുപാളയെടുപ്പിച്ചു. പലരും കയറില്‍ ജീവിതം അവസാനിപ്പിച്ചു.
കടക്കെണിയും കൃഷിത്തകര്‍ച്ചയും തൊഴിലില്ലായ്മയും കാരണം കേരളത്തിലും ജീവനൊടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. മാനസികാരോഗ്യം തകര്‍ന്ന് രോഗഗ്രസ്തമായ സമൂഹത്തിന്റെ പ്രതിഫലനമാണ് വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍. സാമ്പത്തികാവസ്ഥകള്‍ വ്യക്തികളുടെ മനോനിലയെ ഏറെ സ്വാധീനിക്കുന്നുണ്ട്. ആത്മസംഘര്‍ഷങ്ങളോടൊപ്പം വരുമാന സ്രോതസുകള്‍ അടഞ്ഞ് ജീവിതം വഴിമുട്ടുകകൂടി ചെയ്യുമ്പോഴാണ് ഒരാള്‍ മരണത്തെ തിരഞ്ഞെടുക്കുന്നത്. ഭരണകൂടത്തിന്റെ നിരുത്തരവാദിത്വവും അനാസ്ഥയും ജനങ്ങളെ മാനസികമായി ഉലയ്ക്കുന്നുണ്ട്. പൗരന്മാരുടെ ക്ഷേമവും പുരോഗതിയുമാണ് ഭരണകൂടം ലക്ഷ്യമിടേണ്ടത്. എന്നാല്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥ വളര്‍ത്തുന്ന നയങ്ങളും പ്രഖ്യാപനങ്ങളുമായി അധികാരികള്‍ മുന്നോട്ടുപോകുമ്പോള്‍ ഒറ്റപ്പെടുന്നത് സാധാരണക്കാരാണ്. ദുഷിച്ച ഭരണസംവിധാനങ്ങളും ഉദ്യോഗസ്ഥരുടെ മനോഭാവങ്ങളും ഭാവി ഇരുളടഞ്ഞതാണെന്ന ധാരണ വളര്‍ത്തും. അടുത്തിടെ തൂങ്ങിമരിച്ച മത്സ്യത്തൊഴിലാളിയായ സജീവന്റെ ആത്മഹത്യാകുറിപ്പില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ഭരണകൂടമാണ്. ഇങ്ങനെ മനുഷ്യത്വമില്ലാത്ത ഭരണവ്യവസ്ഥകളുടെ ഇരകളാണ് കയറില്‍ പിടഞ്ഞുതീരുന്നത്.