X

എം.പിമാര്‍ നിര്‍ദേശിച്ച 30 റോഡുകള്‍ക്ക് സാമ്പത്തികാനുമതി നല്‍കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: റോഡ് വികസനത്തിനായി എം.പിമാര്‍ നിര്‍ദേശിച്ച പദ്ധതികള്‍ക്ക് സാമ്പത്തികാനുമതി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും സംസ്ഥാനത്തെ എം.പിമാരുടെ നിര്‍ദേശങ്ങളെ തുടര്‍ന്ന് അനുവദിക്കപ്പെട്ട 506.14 കോടിയുടെ 30 പദ്ധതികള്‍ക്കാണ് അനുമതി നല്‍കാത്തത്. ജൂലൈ 20നാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. സംസ്ഥാന വിഹിതം ആവശ്യമില്ലാത്തതിനാല്‍ സാമ്പത്തികാനുമതിയും സാങ്കേതികാനുമതിയും നല്‍കി നടപ്പാക്കുക മാത്രമാണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടത്.
ഇതിനുള്ള എസ്റ്റിമേറ്റുകള്‍ പൊതുമരാമത്ത് (ദേശീയപാത) ഓഫീസുകളില്‍ നിന്നും തയാറാക്കി ചീഫ് എഞ്ചിനീയര്‍മാര്‍ക്ക് സമര്‍പ്പിച്ചിട്ട് നാളുകളായി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ കടമെടുക്കുമ്പോഴാണ് സൗജന്യമായി ലഭിക്കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുരങ്കം വെക്കുന്നത്.

സംസ്ഥാനത്തെ പ്രധാനപ്പെട്ട 30 റോഡുകളുടെ നവീകരണത്തിന് എം.പിമാരുടെ നിര്‍ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് വഴി സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍ക്കുകയായിരുന്നു. നടത്തിപ്പിനായി 506.14 കോടിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നല്‍കിയത്. സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 30 റോഡുകളുടെ നവീകരണത്തിനാണ് തുക. 403.25 കി.മീ ഗ്രാമീണ റോഡുകളെ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ളതാണ് പദ്ധതി. 2024ലെ തിരഞ്ഞെടുപ്പില്‍ എം.പിമാര്‍ ലഭിക്കാവുന്ന ജനപിന്തുണ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശമെന്ന് സംശയിക്കപ്പെടുന്നു.

webdesk11: