വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണിതെന്ന് സതീശൻ ആരോപിച്ചു. കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മെമ്മോറാണ്ടമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇങ്ങനെയാണോ കേന്ദ്ര സര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മെമ്മോറാണ്ടം സമര്‍പ്പിക്കേണ്ടത്. ഈ കണക്കിന് എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങളുമായി ഒരു ബന്ധവുമില്ല. സാമാന്യ യുക്തിക്ക് നിരക്കാത്ത കണക്കുകളാണ് സര്‍ക്കാര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. എവിടെനിന്നാണ് ഇത് തയ്യാറാക്കിയതെന്നതിൽ വ്യക്തതവരുത്തണം. സെക്രട്ടറിയേറ്റിലെ സാമാന്യ ബുദ്ധിയുള്ള ക്ലർക്ക് പോലും ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കില്ല. ഈ കണക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റാണോ റവന്യൂ വകുപ്പാണോ തയാറാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉരുൾപൊട്ടലിൽ മരിച്ചവരുടെ നിരവധി മൃതശരീരങ്ങള്‍ ബന്ധുക്കള്‍ കൊണ്ടു പോയി സംസ്‌ക്കരിച്ചിട്ടുണ്ട്. ബാക്കിയുള്ള മൃതശരീരങ്ങളും ശരീരഭാഗങ്ങളും സംസ്‌കരിക്കാന്‍ എംഎല്‍എയും പഞ്ചായത്തും ഉള്‍പ്പെടെയുള്ളവരാണ് എച്ച്.എം.എല്ലുമായി സംസാരിച്ച് സ്ഥലം കണ്ടെത്തിയത്. സൗജന്യമായി കിട്ടിയ സ്ഥലത്താണ് മൃതദേഹം സംസ്‌കരിച്ചത്. കുഴിയെടുക്കാനുള്ള സൗകര്യം സ്ഥലത്തെ എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റും മകനും ചേർന്നാണ് നല്‍കിയത്. മുഴുവന്‍ മൃതദേഹങ്ങളും സംസ്‌ക്കരിച്ചത് സന്നദ്ധ പ്രവര്‍ത്തകരാണ്. ഇതാണ് സത്യാവസ്ഥ എന്നിരിക്കെയാണ് ഒരു മൃതദേഹം സംസ്ക്കരിക്കാൻ വലിയ തുക ചെലവായതെന്ന് സർക്കാർ പറയുന്നത്.
തുടക്കം മുതൽ ഒടുക്കം വരെ ഭക്ഷണം വിതരണം ചെയ്തത് സന്നദ്ധ സേവകരും ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനുമാണ്. വളരെ ശ്രദ്ധയോടെ തയ്യാറാക്കിയ മെമ്മോറാണ്ടം സമർപ്പിച്ചാൽ ഇതിലും കൂടുതൽ തുക കേന്ദ്രത്തിൽ നിന്നും ന്യായമായി വാങ്ങിച്ചെടുക്കാനാവും. എന്നാൽ വിശ്വാസ്യതയെ തകർക്കുന്ന തരത്തിലാണ് ഈ മെമ്മോറാണ്ടം തയ്യാറാക്കിയിരിക്കുന്നത് സതീശൻ വ്യക്തമാക്കി.