എസ്.എസ്.എല്‍.സി പരീക്ഷാ വിജയം അതിമധുരമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് തുടര്‍പഠനത്തിന് അവസരമൊരുക്കുന്നതില്‍ വന്‍പരാജയം. സീറ്റില്ലാത്തതിന്റെ പേരില്‍ പതിനായിരക്കണക്കിന് കുട്ടികള്‍ ഇത്തവണ പുറത്തിരിക്കേണ്ടിവരും. മലബാര്‍ ജില്ലകളിലാണ് ഈ വിഷയത്തില്‍ വലിയ പ്രതിസന്ധിയുള്ളത്. തെക്കന്‍ ജില്ലകളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ നീളുന്ന വടക്കന്‍ ജില്ലകളിലാണ് ഈ ദുര്‍ഗതി. ഈ ഏഴു ജില്ലകളിലായി 61,828 കുട്ടികള്‍ സീറ്റില്ലാതെ അലയേണ്ടിവരും. മലപ്പുറം ജില്ലയില്‍ മാത്രം 30,941 പേര്‍ക്ക് സീറ്റില്ല എന്നതാണ് വസ്തുത.
കേരളത്തില്‍ 4,25016 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയിരുന്നത്. ഇതില്‍ 4,21957 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ലഭ്യമായ സീറ്റുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ 3,78,371 മാത്രമാണ്. ഇതില്‍ 3,06150 ഹയര്‍ സെക്കന്ററി സീറ്റുകളും 27,991 വി.എച്ച്.എസ്.സി സീറ്റുകളും, 33,156 ഐ.ടി.ഐ സീറ്റുകളും 11,970 പോളിടെക്നിക് സീറ്റുകളുമാണ്. ജില്ല തിരിച്ചു കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കുറവ് മലബാര്‍ മേഖലയില്‍ മാത്രമാണ്. തെക്കന്‍ ജില്ലകള്‍ പരിശോധിക്കുമ്പോള്‍ ഇവിടെയെല്ലാം പഠിക്കാന്‍ കുട്ടികളില്ലാതെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും.
തൃശൂര്‍ ജില്ല മുതല്‍ കാസര്‍കോട് വരെയാണ് സീറ്റില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുക. ഇതില്‍ 77,691 കുട്ടികള്‍ വിജയപ്പടി കടന്ന മലപ്പുറം ജില്ലയിലാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇവിടെ 30467 കുട്ടികള്‍ പുറത്തിരിക്കേണ്ടി വരുമെന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.സി ഉള്‍പ്പെടെയുള്ള പ്ലസ് വണ്‍ മെറിറ്റ് സീറ്റുകളുടെ എണ്ണം നോക്കിയാല്‍ വെറും 44,740 മാത്രമാണ് ജില്ലയിലുള്ളത്. പോളിടെക്നിക്, ഐ.ടി.ഐ അടക്കം ഉപരിപഠന സാധ്യതകള്‍ എല്ലാം ഉപയോഗിച്ചാലും 47,224 സീറ്റുകളാണുള്ളത്.
സീറ്റിന്റെ കാര്യത്തില്‍ പാലക്കാട് ജില്ലയിലാണ് പിന്നീട് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുക. 38,955 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ ഇവിടെ 10,132 കുട്ടികള്‍ സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരും. കോഴിക്കാട് ജില്ലയില്‍ 8,579ഉം കണ്ണൂരില്‍ 5356ഉം കാസര്‍കോട് 3723ഉം വയനാട് 2232ഉം തൃശൂര്‍ ജില്ലയില്‍ 1330 കുട്ടികള്‍ക്ക് സീറ്റുണ്ടാവില്ല. എന്നാല്‍ തെക്കന്‍ ജില്ലകളായ പത്തനം തിട്ടയില്‍ 6074 സീറ്റുകളും കോട്ടയം ജില്ലയില്‍ 4990 സീറ്റുകളും ആലപ്പുഴയില്‍ 3164 സീറ്റുകളും ഒഴിഞ്ഞു കിടക്കും. ഇടുക്കി-1845, കൊല്ലം-1796, തിരുവനന്തപുരം-848, എറണാകുളം-673 എന്നിങ്ങനെയാണ് കുട്ടികളില്ലാത്തിന്റെ പേരില്‍ ആര്‍ക്കും വേണ്ടാത്ത സീറ്റുകള്‍.