കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തട്ടിക്കൂട്ട് ഡിപിആറാണ് സര്‍ക്കാര്‍ പുറത്തുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡിപിആര്‍ തയാറാക്കിയ ഫ്രഞ്ച് കമ്പനി തന്നെ സംഭവം വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഡിപിആര്‍ അശാസ്ത്രീയവും അപൂര്‍ണവുമാണെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് സാമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെ ഡിപിആര്‍ ഉണ്ടാക്കുന്നതെന്നും ജപ്പാനില്‍ നിന്നും ലോണിനുള്ള തന്ത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
‘കെ റെയിലിന് ആവശ്യമായ മുഴുവന്‍ പ്രകൃതിവിഭവങ്ങള്‍ മധ്യ കേരളത്തില്‍ ഉണ്ടെന്നാണ് ഡിപിആറില്‍ പറയുന്നത്. എന്നാല്‍
പ്രകൃതിവിഭവങ്ങളുടെ കണക്ക് സര്‍ക്കാരിന്റെ കൈയ്യിലില്ല’, സതീശന്‍ പറഞ്ഞു. റെയില്‍വേ ബോര്‍ഡ് പ്രതിനിധികള്‍ കെ റെയില്‍ അധികൃതരോട് ഉന്നയിച്ച ചോദ്യങ്ങള്‍ തന്നെയാണ് പ്രതിപക്ഷവും ചോദിച്ചതെന്ന് സതീശന്‍ കൂട്ടിചേര്‍ത്തു. അവകാശ ലംഘനത്തിന് അന്‍വര്‍ സാദത്ത് എംഎല്‍എ നോട്ടീസ് നല്‍കിയപ്പോഴാണ് ഡിപിആര്‍ പുറത്തുവന്നതെന്നും അങ്ങനെയെങ്കില്‍ ഡിപിആറിന്റെ രഹസ്യ സ്വഭാവം എവിടെ പോയെന്നും ചോദിച്ചു. ഡിപിആറില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നും സര്‍ക്കാര്‍ പുറത്ത് വിടാന്‍ തയാറായത് പ്രതിപക്ഷത്തിന്റെ വിജയമാണെന്നും സതീശന്‍ ഓര്‍മപ്പെടുത്തി.