X

സ്വകാര്യമില്ലുകളുമായി സര്‍ക്കാരിന്റെ ഒത്തുകളി

മുഹമ്മദലി പാക്കുളം
പാലക്കാട്‌

കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ വയലുകളില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് കര്‍ഷക രോദനം. കൊയ്‌തെടുത്ത ടണ്‍ കണക്കിന് നെല്ല്് വീടുകളില്‍ കൂട്ടിയിട്ട് എന്ത് ചെയ്യുമെന്നറിയാതെ നെടുവീര്‍പ്പിടുകയാണ് കര്‍ഷകര്‍.

പാലക്കാട് ഒന്നാംവിളകൊയ്ത്ത് 60 ശതമാനം പൂര്‍ത്തിയാകുമ്പോഴും നെല്ലുസംഭരണം പാതിവഴിയിലാണ്. വകുപ്പ് മന്ത്രിയുള്‍പ്പടെ മൂന്നു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി, തുടര്‍ന്ന് മുഖ്യമന്ത്രിയെ വിഷയം ബോധിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇന്നലെയും വൈകീട്ട് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും അതുണ്ടായില്ല. സപ്ലൈകോ വഴി സര്‍ക്കാര്‍ നെല്ലുസംഭരിക്കുന്നത് കിലോക്ക് 28 രൂപയാണ്. എന്നാല്‍ സ്വകാര്യ മില്ലുകള്‍ 18 രൂപമാത്രമാണ് നല്‍കുന്നത്. സംഭരണം മനപൂര്‍വം വൈകിപ്പിച്ച് സ്വകാര്യമില്ലുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ കൊയ്ത്ത് സജീവമായില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് താലൂക്കുകളില്‍ 60 ശതമാനം ഒന്നാംവിള കൊയ്തു കഴിഞ്ഞു. കൊയ്‌തെടുത്ത നെല്ല് വീട്ടില്‍ സൂക്ഷിക്കാനാകാതെ വീട്ടുമുറ്റത്തും പാടത്തും മറ്റു തുറന്ന സ്ഥലങ്ങളില്‍ ചാക്കിട്ടുമൂടിയാണ് കര്‍ഷകര്‍ സൂക്ഷിക്കുന്നത്. ഇടക്കിടെ പെയ്യുന്ന മഴയില്‍ പലയിടത്തും നെല്ല് മുളക്കുന്ന സാഹചര്യം വരെയുണ്ട്. കൂടാതെ പെരുച്ചാഴി, എലി ശല്യം വേറെയും.

ലക്ഷങ്ങള്‍ ലോണെടുത്താണ് ലാഭകരമല്ലാത്ത നെല്‍കൃഷി പാരമ്പര്യം കാത്തുസൂക്ഷിക്കാനായി കൃഷി ചെയ്യുന്നത്. നെല്ലുസംഭരണം വൈകിപ്പിപ്പിച്ചാല്‍ കെട്ടിക്കിടക്കുന്ന നെല്ലു നശിക്കാതിരിക്കാന്‍ കിട്ടിയവിലക്ക് സ്വകാര്യ മില്ലുകള്‍ക്ക് കര്‍ഷകര്‍ക്ക് നല്‍കേണ്ടി വരും. ലാഭം കൊള്ളുന്നതാകട്ടെ സ്വകാര്യ മില്ലുടമകളും. മില്ലുടമകളും സര്‍ക്കാരുമായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരിലധികവും സി.പി.എമ്മുമായി ബന്ധമുള്ളവരാണ്. ഇവരെ തൃപ്തിപ്പെടുത്താനാണ് സംഭരണം വൈകുന്നതെന്ന ആരോപണവുമുണ്ട്. മുന്‍കാലങ്ങളില്‍ കൊയ്ത്ത് തുടങ്ങുന്നതിന് മുമ്പ് തന്നെ മില്ലുടമകളും സര്‍ക്കാരും ചര്‍ച്ച നടത്തി തീരുമാനത്തിലെത്താറുണ്ട്. എന്നാല്‍ മില്ലുടമകള്‍ കൊയ്ത്ത് തുടങ്ങിയ ശേഷം സര്‍ക്കാരിന് മുന്നില്‍ ഡിമാന്റുകള്‍ വെക്കുകയായിരുന്നു. പ്രളയത്തില്‍ നഷ്ടപ്പെട്ട നെല്ലിന്റെ നഷ്ടപരിഹാരം, ജി.എസ്.ടി സര്‍ക്കാര്‍ വഹിക്കണം, സപ്ലൈക്കോക്ക് നല്‍കേണ്ട 68 ശതമാനം അരി 64 കിലോയായി കുറക്കണം എന്നിങ്ങനെയാണ് ആവശ്യങ്ങള്‍. ഇതെല്ലാം പരിഹരിച്ച് ഉടന്‍ സംഭരണം തുടങ്ങുമെന്ന് വകുപ്പ് അധികൃതര്‍ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും തീരുമാനമാകുന്നില്ല. ഇതര സംസ്ഥാന മില്ലുടമകള്‍ നെല്ല് സംഭരണത്തില്‍ അനുകുല നിലപാടാണുള്ളത്. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തി കരാര്‍ ഒപ്പിട്ടാല്‍ മാത്രം മതി. എന്നാല്‍ ഇതിനൊന്നും സര്‍ക്കാര്‍ മുതിരുന്നില്ല. നെല്ലുസംഭരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം മന്ത്രി എം.ബി രാജേഷിന്റെ പാലക്കാട്ടെ വസതിയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയിരുന്നു. തീരുമാനം വൈകുന്നപക്ഷം സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.

Test User: