X

എന്‍ഡോസള്‍ഫാന്‍ ഇരകളോടും ദയാബായിയോടും സര്‍ക്കാരിന് ക്രൂരമായ നിലപാട്; വി.ഡി സതീശന്‍

എന്‍ഡോസള്‍ഫാന്‍ ഇരകളോടും അവര്‍ക്കു വേണ്ടി പോരാടുന്ന ദയാബായിയോടും സര്‍ക്കാര്‍ ക്രൂരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.സമരം തീര്‍ക്കാന്‍ വേണ്ടി കബളിപ്പിക്കുന്ന തരത്തിലുള്ള രേഖയാണ് ദയാബായിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ചര്‍ച്ചയ്ക്ക് പോയ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍ഡോസള്‍ഫാന്‍ വിഷയത്തെ കുറിച്ച് കാര്യമായ ധാരണയില്ല. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കാസര്‍കോട് ജില്ലയില്‍ മതിയായ ചികിത്സാ സൗകര്യം ഒരുക്കണമെന്ന ആവശ്യമാണ് സമരസമിതി ഉന്നയിക്കുന്നത്. ഇതിന് വേണ്ടിയാണ് പുതുതായി അനുവദിക്കുന്ന എയിംസ് ആശുപത്രിയില്‍ കാസര്‍കോട് ജില്ലയെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. നിലവിലുള്ള ആശുപത്രികളില്‍ ന്യൂറോ സംവിധാനം ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ വര്‍ഷവും മെഡിക്കല്‍ ക്യാമ്പ് നടത്തി പുതിയ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 2017 ന് ശേഷം പുതിയ മെഡിക്കല്‍ ക്യാമ്പ് നടത്തിയിട്ടില്ല. പുതിയ ഇരകള്‍ ഉണ്ടാകുകയും മരിക്കുകയും ചെയ്യുകയാണ്. മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതില്‍ സര്‍ക്കാരിന് എന്താണിത്ര മടി? ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകാത്തത് എന്തുകൊണ്ടാണ്. കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള ഡേ കെയര്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയാറാകുന്നില്ല. പ്രധാനപ്പെട്ട ആവശ്യങ്ങളെല്ലാം അവഗണിച്ച് നോക്കാം, പരിഗണിക്കാം എന്നൊക്കെയാണ് മന്ത്രിമാര്‍ പറയുന്നത്. ദയാബായിയെ പോലെ ഒരാള്‍ മഴയും വെയിലും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ 16 ദിവസം കിടന്ന ശേഷം മാത്രമാണ് മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് എത്തിയത് അപമാനകരമാണ്. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണം. എന്‍ഡോസള്‍ഫാന്‍ ഇരകളോട് മനുഷ്യത്വഹീനമായ നടപടിയാണ് സര്‍ക്കാര്‍ കാട്ടുന്നത്. സമരത്തിന് പിന്തുണ നല്‍കുന്ന കാര്യം യു.ഡി.എഫ് തീരുമാനിക്കും അദ്ദേഹം പറഞ്ഞു.

മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ വാക്കാല്‍ കൊടുത്ത ഉറപ്പുകളെല്ലാം എഴുതിക്കൊടുത്ത രേഖയില്‍ നിന്നും ഒഴിവാക്കിയത് കബളിപ്പിക്കലാണ്. സര്‍ക്കാരിനെ താഴെയിറക്കാനുള്ള സമരമല്ല ദയാബായി നടത്തുന്നത്. പാവങ്ങള്‍ക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള സമരമാണത്. അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഒരു നഷ്ടവും ഇല്ലാതെ സര്‍ക്കാരിന് നടപ്പാക്കാവുന്നതേയുള്ളൂ. രണ്ട് മാസം മുന്‍പ് പരാതി നല്‍കിയാല്‍ മെഡിക്കല്‍ ക്യാമ്പ് നടത്താമെന്നാണ് മന്ത്രി പറയുന്നത്. രണ്ട് മാസം മുന്‍പ് എങ്ങനെയാണ് പരാതി നല്‍കുന്നത്. 2017 ന് മുന്‍പുള്ളവരുടെ ലിസ്റ്റ് സര്‍ക്കാരിന്റെ കൈവശമുണ്ട്. പുതുതായി വരുന്ന ഇരകളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്നില്‍ എന്ത് തടസമാണുള്ളത്. അഞ്ച് വര്‍ഷമായി നടക്കാത്ത മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ രണ്ട് മാസം മുന്‍പ് അപേക്ഷ നല്‍കണമെന്ന് പറയുന്നത് എങ്ങനെ സാധിക്കും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്‍ഡോസള്‍ഫാന്‍ ഇരകളെ ‘എത്ര കിട്ടിയാലും മതിയാകാത്തവര്‍’ എന്ന് അധിക്ഷേപിച്ച ഉദുമ എംഎല്‍എയുടെ നിലപാട് മനുഷ്യത്വഹീനമാണ്. ഇതൊന്നും ശരിയായ സമീപനമല്ല. എന്ത് ചികിത്സയാണ് ജില്ലയിലുള്ളതെന്ന് എം.എല്‍.എ വ്യക്തമാക്കണം. ലോക്ഡൗണ്‍ കാലത്ത് അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് പോകാന്‍ പറ്റാതെ 20 പേര്‍ മരിച്ച ജില്ലയാണ്. ജനപ്രതിനിധികള്‍ കൂടി മുന്‍കൈയെടുത്ത് കൂടുതല്‍ ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. മികച്ച ചികിത്സാ സംവിധാനം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ് അല്ലാതെ ഔദാര്യമല്ല. എല്ലാം രാഷ്ട്രീയമായി കാണുകയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് എന്ത് രാഷ്ട്രീയമാണുള്ളത്? അദ്ദേഹം പറഞ്ഞു.

Test User: