കൊളംബോ: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് അന്താരാഷ്ട്ര നാണയ നിധിയുടെ വായ്പാ നിബന്ധനകള്‍ പാലിക്കാന്‍ നികുതിയും വൈദ്യുതി നിരക്കും കൂട്ടിയതിന് പിന്നാലെ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രിലങ്കന്‍ ഭരണകൂടം. നികുതി, നിരക്ക് വര്‍ദ്ധനക്കെതിരെ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭത്തിന് മുന്നോടിയായാണ് ചില തന്ത്രപ്രധാന മേഖലകളില്‍ സമരത്തിന് വിലക്കേര്‍പ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഐ.എം.എഫ് വായ്പ ഉറപ്പാക്കാനാണ് പ്രസിഡന്റ് റനില്‍ വിക്രമസിംഗെ പൊതുചെലവ് വെട്ടിക്കുറക്കുകയും നികുതി കൂട്ടുകയും ചെയ്തത്.
ഭക്ഷ്യ, ഇന്ധന ക്ഷാമവും വിലക്കയറ്റവും മണിക്കൂറുകള്‍ നീണ്ട പവര്‍കട്ടും കാരണം ഇപ്പോള്‍ തന്നെ ദുരിതമനുഭവിക്കുന്ന ലങ്കന്‍ ജനതക്ക് സര്‍ക്കാറിന്റെ പുതിയ നീക്കങ്ങള്‍ ഇരുട്ടടിയായിട്ടുണ്ട്. ജനരോഷം വീണ്ടും ആളിക്കത്തുന്ന സാഹചര്യത്തിലാണ് അവശ്യ സേവന മേഖലകളില്‍ പണിമുടക്ക് പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. പൊതു ഗതാഗതം, ഭക്ഷണ-കുടിവെള്ള വിതരണം, കല്‍ക്കരി, എണ്ണ, ഇന്ധനം, വിമാനത്താവളങ്ങള്‍, റെയില്‍വെ തുടങ്ങി നിരവധി മേഖലകളില്‍ സമരങ്ങളും പണിമുടക്കും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ബാങ്ക് ജീവനക്കാരും സര്‍ക്കാര്‍ ആശുപത്രി സ്റ്റാഫും ഉള്‍പ്പെടുന്ന നാല്‍പതിലേറെ യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി മുതല്‍ നികുതികള്‍ ഇരട്ടിയാക്കിയതോടൊപ്പം വൈദ്യുതി നിരക്ക് 275 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. 2021 അവസാനം മുതല്‍ ശ്രീലങ്കയെ പിടികൂടിയ സാമ്പത്തിക പ്രതിസന്ധി കടുത്ത ഭക്ഷ്യ, ഇന്ധന, ഔഷധ ക്ഷാമത്തിന് കാരണമായിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവില്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവെക്കുകയും രാജ്യം വിടുകയും ചെയ്തു.