X

സര്‍ക്കാര്‍ വാര്‍ഷികാഘോഷം; സി.പി.എം സഹയാത്രികരുടെ കമ്പനിക്ക് ലക്ഷങ്ങളുടെ കരാര്‍

CPIM FLAG

നികുതികള്‍ കുത്തനെ വര്‍ധിപ്പിച്ച് ജനത്തെ പെരുവഴിയിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, സിപിഎം സഹയാത്രികര്‍ക്കും ‘കൈനിറയെ സന്തോഷം’. ഏപ്രില്‍ ഒന്നിന് എറണാകുളത്ത് തുടങ്ങിയ സംസ്ഥാന തല ആഘോഷങ്ങളുടെ മിക്ക പ്രവൃത്തികളുടെയും കരാറുകള്‍ സിപിഎം അനുഭാവികള്‍ക്ക് നല്‍കിയെന്നാണ് ആരോപണം. എന്റെ കേരളം എന്ന പേരിലുള്ള പ്രദര്‍ശനവിപണന മേളയില്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ പവലിയന്‍ ഡിസൈനിങിനും ഫാബ്രിക്കേഷന്‍ വര്‍ക്കുകള്‍ക്കും കോഴിക്കോട് ആസ്ഥാനമായ ഗ്ലോബല്‍ ഇന്നോവേറ്റീവ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയത്.

കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവിന്റെയും മുന്‍ എംഎല്‍എയുടെയും മകന്‍ അടക്കം ഇടത് സഹയാത്രികര്‍ പാര്‍ട്ണര്‍മാരായ കമ്പനിയാണിതെന്ന് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു. പി.ആര്‍ ക്യാമ്പയിന്‍ ഉള്‍പ്പെടെ ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് നിരവധി കരാറുകളും സര്‍ക്കാര്‍ ഏജന്‍സികളെ മറികടന്ന് ഈ കമ്പനിക്ക് ലഭിച്ചിരുന്നു. പിആര്‍ഡിയുടെ പവലിയന്‍ പ്രവൃത്തിക്കായി താല്‍പര്യപത്രം ക്ഷണിച്ചിരുന്നെങ്കിലും രണ്ട് കമ്പനികള്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കീഴിലുള്ള കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജാണ് താല്‍പര്യപത്രം അയച്ച രണ്ടാമത്തെ കമ്പനി.

എപ്രില്‍ ഒന്നിന് എറണാകുളത്ത് ആരംഭിച്ച സര്‍ക്കാര്‍ വാര്‍ഷികാഘോഷ മേള മെയ് അവസാന വാരം തിരുവനന്തപുരത്താണ് സമാപിക്കുന്നത്. ഓരോ ജില്ലയിലും കുറഞ്ഞത് ഏഴ് ദിവസമെങ്കിലും മേള നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കോടികളാണ് ഇതിനായി ചെലവഴിക്കുന്നത്. എല്ലാ ജില്ലകളിലും പബ്ലിക് റിലേഷന്‍ വകുപ്പ് പരമാവധി 1500 ചതുരശ്രഅടിയില്‍ കേരളം ഒന്നാമത് എന്ന തീമില്‍ പവലിയന്‍ ഒരുക്കുന്നുണ്ട്. ഇതിന്റെ ഡിസൈനിങിനും ഫാബ്രിക്കേഷന്‍ ജോലികള്‍ക്കുമാണ് സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചത്. ഒരു ജില്ലയിലെ സ്റ്റാള്‍ ഒരുക്കുന്നതിന് മാത്രം 16.40 ലക്ഷം രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് ഗ്ലോബല്‍ ഇന്നോവേറ്റീവ് ആവശ്യപ്പെട്ടത്. മാര്‍ച്ച് 22ന് ഐപിആര്‍ഡി ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്പനിയെ തന്നെ പ്രവൃത്തികള്‍ക്കായി തിരഞ്ഞെടുത്തു. എന്നാല്‍ രണ്ട് കമ്പനികള്‍ മാത്രം പങ്കെടുത്തതിനാല്‍ മറ്റു ജില്ലകളിലെ പവലിയന്‍ ഒരുക്കത്തിന് വീണ്ടും താല്‍പര്യപത്രം ക്ഷണിക്കുമെന്ന് ഐപിആര്‍ഡി ഡെപ്യൂട്ടി സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു. സമയപരിമിതി കാരണമാണ് രണ്ട് കമ്പനികള്‍ പങ്കെടുത്തിട്ടും എറണാകുളത്ത് വീണ്ടും താല്‍പര്യപത്രം ക്ഷണിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.

മുമ്പും നല്‍കി,
ലക്ഷങ്ങളുടെ കരാര്‍

കൊച്ചി: സര്‍ക്കാര്‍ ഏജന്‍സികളെ നോക്കുകുത്തിയാക്കി, ആദ്യ പിണറായി സര്‍ക്കാര്‍ ഭരണ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ നടത്തിയ വിവിധ പി.ആര്‍ ക്യാമ്പയിനുകള്‍ക്കുള്ള കരാര്‍ ഗ്ലോബല്‍ ഇന്നോവേറ്റീവ് ടെക്‌നോളജീസീന് ലഭിച്ചിരുന്നു. വിവിധ ഇനത്തില്‍ ഈ സ്വകാര്യ ഏജന്‍സിക്കായി 46.46 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ വിവിധ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും ഈ കമ്പനി പ്രചാരണം നടത്തിയിരുന്നു. ലോക കേരളസഭയുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തിനായി 6.93 ലക്ഷം രൂപയാണ് കമ്പനിക്ക് സര്‍ക്കാര്‍ അനുവദിച്ചത്. ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹമാധ്യമങ്ങള്‍ വഴി ഒരു മാസം പ്രചാരണം നടത്തിയതിന് 42.47 ലക്ഷം രൂപ ഇവര്‍ക്ക് അനുവദിച്ചതും വിവാദമായിരുന്നു.

 

webdesk11: