X

അസാധുവാക്കിയ നോട്ടുകള്‍ ജൂലൈ 20ന് മുമ്പ് സഹകരണ ബാങ്കുകള്‍ക്ക് മാറ്റിയെടുക്കാമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 500, 1000 രൂപയുടെ നോട്ടുകള്‍ ജൂലൈ 20ന് മുമ്പ് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. നിരോധിച്ച നോട്ടുകള്‍ സ്വീകരിച്ച ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ല സഹകരണ ബാങ്കുകളോടും നോട്ടുകള്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഡിസംബര്‍ 31ന് മുമ്പ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട അസാധുവാക്കിയ നോട്ടുകള്‍ ഒരു മാസത്തിനകം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനാണ് ധനകാര്യ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്. നോട്ടു നിരോധനത്തെ തുടര്‍ന്നു പ്രതിസന്ധിയിലായ കേരളത്തിലെ സഹകരണ മേഖലക്കു ആശ്വാസമാണ് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ്. ജൂലൈ 20ന് മുമ്പ് നോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയാത്ത ധനകാര്യ സ്ഥാപനങ്ങളോട് അതിന്റെ കാരണം വ്യക്തമാക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2016 നവംബര്‍ എട്ടിനാണ് കള്ളപ്പണവും, കള്ളനോട്ടും തടയുന്നതിനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്. പഴയ നോട്ടുകള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നതിന് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഈ തിയതി കഴിഞ്ഞിട്ടും എത്രത്തോളം നോട്ടുകളാണ് ബാങ്കുകളില്‍ തിരിച്ചെത്തിയതെന്ന് വ്യക്തമാക്കാന്‍ റിസര്‍വ് ബാങ്ക് തയാറായിരുന്നില്ല. പുതിയ സാഹചര്യത്തില്‍ ജൂലൈ 20ന് ശേഷമെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

chandrika: