X
    Categories: MoreViews

ആധാര്‍ കാര്‍ഡ്: മന്‍മോഹന്‍ സര്‍ക്കാറിനെ പ്രശംസിച്ച് അരുണ്‍ ജെയ്റ്റിലി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാന്‍ നടപ്പിലാക്കിയ ആധാര്‍ കാര്‍ഡ് സംവിധാനത്തെ വാനോളം പുകഴ്ത്തിയ ബിജെപി മന്ത്രി, കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ മികച്ച തുടക്കമാണ് ആധാറെന്ന് അഭിപ്രായപ്പെട്ടു.

രാജ്യസഭയില്‍ ധനബില്ലിന്‍മേലുള്ള ചര്‍ച്ചകള്‍ നടക്കവേയാണ് യുപിഎ സര്‍ക്കാരിന്റെ നടപടിയെ പുകഴ്ത്തി ജെയ്റ്റ്‌ലി രംഗത്ത് വന്നത്.
ആധാര്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ മഹത്തായ പദ്ധതിയായിരുന്നെന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി, സബ്സിഡി ആനുകൂല്യങ്ങള്‍ നേരിട്ടു ലഭ്യമാക്കുന്നതിനും നികുതി വെട്ടിപ്പു തടയുന്നതിനും വേണ്ടി ആധാറിനെ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കി വികസിപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞു.

എന്നാല്‍ നമ്മില്‍ ചിലര്‍ക്കു ആധാര്‍ വിഷയത്തില്‍ ചില ഘട്ടങ്ങളില്‍ സംശയങ്ങളുണ്ടായിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രധാനമന്ത്രി ആധാര്‍ വിഷയത്തില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തു. യോഗത്തില്‍ എന്റെ സംശയങ്ങള്‍ക്കു ഉചിതമായ മറുപടി ലഭിച്ചിരുന്നു.

ആധാര്‍ നിര്‍ബന്ധിതമാക്കിയത് എന്തിന് എന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ചോദ്യത്തിനും മന്ത്രി മറുപടി നല്‍കി. പൊതുക്ഷേമത്തിനു വേണ്ടി രൂപംകൊടുത്ത സാങ്കേതികവിദ്യയെ എന്തിനാണ് ഉപയോഗപ്പെടുത്താതിരിക്കുന്നത് എന്നായിരുന്നു ജെയ്റ്റിലിയുടെ മറുപടി.
അതേസമയം ആധാറിലെ സുരക്ഷ സംബന്ധിച്ച മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ജെയ്റ്റിലിക്കായില്ല. ബാങ്ക് അക്കൗണ്ട്, ഐടി റിട്ടേണ്‍ വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഹാക്കിങ്ങിലൂടെ ചോര്‍ത്തില്ലെന്ന് ഉറപ്പുതരാന്‍ സര്‍ക്കാരിനു കഴിയുമോ എന്നായിരുന്നു മുന്‍ മന്ത്രിയുടെ ചോദ്യം.

ഇന്റര്‍നെറ്റ് ഹാക്കിങ് തടയാനാവില്ല. എന്നാല്‍ അത്തരം ഭീഷണിയുടെ പേരില്‍ സാങ്കേതികവിദ്യയെ നഷ്ടപ്പെടുത്താനെ ഉപയോഗം നിയന്ത്രിക്കാനോ ആവില്ല എന്നും ജെയ്റ്റിലി വ്യക്തമാക്കി.

 

chandrika: