നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കവെ, ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയ സര്‍ക്കാര്‍ നീക്കം പ്രതികളെ സഹായിക്കാനാണെന്ന് ആക്ഷേപം. മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോവുന്നതിന് തൊട്ടുമുമ്പാണ് അപ്രതീക്ഷിത നടപടി. നടിയെ പീഡിപ്പിച്ച കേസിന്റെയും, വധ ഗൂഢാലോചനാക്കേസിന്റെയും അന്വേഷണം വഴിത്തിരിവിലെത്തി നില്‍ക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനെ ഗതാഗത കമ്മീഷണറാക്കി സര്‍ക്കാര്‍ മാറ്റി നിയമിച്ചത്.
കേസില്‍ ദിലീപിന്റെ അഭിഭാഷകരെയും ഭാര്യ കാവ്യാ മാധവനെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുകയായിരുന്നു. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം അഭിഭാഷകരുടെ ഓഫീസ് ശ്രമിക്കുന്നുവെന്ന് ആക്രമത്തിനിരയായ നടി മുഖ്യമന്ത്രിക്കുള്‍പ്പെടെ നല്‍കിയ പരാതി നിലനില്‍ക്കെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്.
നടിയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു പിന്നീട് പുറത്തുവന്ന തെളിവുകള്‍. ദിലീപിന്റെ അഭിഭാഷകര്‍ കേസിലെ സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. അന്വേഷണം ആ വഴിക്ക് നീങ്ങുമ്പോഴാണ് സര്‍ക്കാര്‍ അന്വേഷണത്തലവനെ മാറ്റിയത്. സ്ഥാന മാറ്റത്തോടെ കേസില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കൂടുതല്‍ സംശയത്തിലായി. അന്വേഷണം ഇപ്പോള്‍ നിലച്ചമട്ടാണ്. കോടതി നിര്‍ദശ പ്രകാരം ഇനി 36 ദിവസം മാത്രമാണ് തുടരന്വേഷണത്തിന് ബാക്കിയുള്ളത്. കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് അന്വേഷണ സംഘത്തിലും കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
വധ ഗൂഢാലോചനാ കേസില്‍ അഡ്വ. രാമന്‍പിള്ളയുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും കേസില്‍ നിര്‍ണായകമാവുമായിരുന്നു. അന്വേഷണ സംഘത്തിന്റെ മനോവീര്യം തകര്‍ക്കുന്ന നിലപാടാണ് ഇപ്പോഴുണ്ടായതെന്നാണ് പൊതുവേയുള്ള വിമര്‍ശനം. ക്രൈംബ്രാഞ്ച് മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു കാവ്യാ മാധവനെയും അഭിഭാഷകരെയും കോടതി ജീവനക്കാരെയും ചോദ്യം ചെയ്യുന്നതുള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്നത്. ക്രൈംബ്രാഞ്ചിന് പുതിയ മേധാവി വരുന്നതോടെ കേസ് വീണ്ടും പഠിക്കേണ്ടി വരും. ഇതിന് സമയമെടുക്കും. അതോടെ അന്വേഷണവും നീളും. ഇത് കോടിതിയില്‍ പ്രതികള്‍ക്കും സഹായകരമായേക്കും.
നടിയെ പീഡിപ്പിച്ച കേസിലും, അന്വേഷണ ഉേദ്യാഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും പ്രതിയായ നടന്‍ ദിലീപിനു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ബി.രാമന്‍പിള്ളക്കെതിരെ അന്വേഷണ സംഘം ശക്തമായ നിലപാടെടുത്തിരുന്നു. ഇതിനെതിരെ അഭിഭാഷക സംഘടനകള്‍ പരസ്യ പ്രതിഷേധവുമായി എത്തി. ഇവര്‍ക്ക് വഴങ്ങിയാണ് സര്‍ക്കാര്‍ ആക്രമിക്കപ്പെട്ട നടിക്ക് പ്രതികൂലമാവുന്ന നിലപാട് സ്വീകരിച്ചതെന്നാണ് ആരോപണം. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, ദിലീപിന്റെ അഭിഭാഷകര്‍, ദിലീപിന്റെ ബന്ധുക്കള്‍ എന്നിവരെയെല്ലാമാണ് ഇനി ചോദ്യം ചെയ്യേണ്ടത്. ഇതുകൂടാതെ ദിലീപ് ഫോണില്‍ നിന്ന് നീക്കിയ വാട്‌സ്ആപ് ചാറ്റുകളുള്ളവരേയും ചോദ്യം ചെയ്യണം. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കിയതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങളില്‍ ഹാക്കര്‍ സായി ശങ്കറില്‍ നിന്ന് വ്യക്തത വരുത്താനുമുണ്ട്.
പ്രതീക്ഷകള്‍ തകര്‍ന്നെന്ന്
ഡബ്ല്യൂസിസി
കൊച്ചി: നടിയെ പീഡിപ്പിച്ച കേസ് അന്വേഷണത്തിലെ എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കുന്നതാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥാന ചലനമെന്ന് ഡബ്ല്യൂസിസി. പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം അനുസരിച്ചാണ് അന്വേഷണ തലവനെ മാറ്റിയതെന്നും ഡബ്ല്യൂസിസി ആരോപിച്ചു. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പൊലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി.