X

ഗവര്‍ണറുടെ പക്ഷപാതം വെളിപ്പെട്ടു; വാജുഭായ് വാല രാജിവെക്കണമെന്ന ആവശ്യം ശക്തം

ഭൂരിപക്ഷം തെളിയിക്കാനാവാതെ ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞതിനു പിന്നാലെ, കര്‍ണാടകയില്‍ തെരഞ്ഞെടുപ്പാനന്തരം രാഷ്ട്രീയ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയ ഗവര്‍ണര്‍ വാജുഭായ് വാല രാജിവെച്ചു പുറത്തു പോകണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ, വിഖ്യാത ജേണലിസ്റ്റ് ശേഖര്‍ ഗുപ്ത, സി.പി.എം ദേശീയ നേതാവ് സീതാറാം യെച്ചൂരി, മാധ്യമപ്രവര്‍ത്തകരായ വീര്‍ സിങ്‌വി, പ്രിതീഷ് നന്ദി, ഷുജാഉല്‍ ഹഖ് തുടങ്ങിയവര്‍ സാമൂഹ്യ മാധ്യമമായ ട്വിറ്ററില്‍ വാജുഭായ് വാല രാജിവെച്ച് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു.

‘രാഷ്ട്രീയത്തില്‍ ധാര്‍മികത ഇനിയും ശേഷിക്കുന്നുണ്ടെന്ന് കര്‍ണാടക – ബി.ജെ.പിയല്ല – തെളിയിച്ചിരിക്കുന്നു. ഇനി ഗവര്‍ണര്‍ രാജിവെക്കണം.’ വാജ്‌പെയ് മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ഏപ്രിലിലാണ് യശ്വന്ത് സിന്‍ഹ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്.

‘വാജുഭായ് വാലയ്ക്ക് അല്‍പമെങ്കിലും മനഃസാക്ഷിയുണ്ടെങ്കില്‍ അദ്ദേഹം രാജിവെച്ച് വീട്ടില്‍ പോകണം – അല്ലെങ്കില്‍ പ്രായശ്ചിത്തം ചെയ്യാന്‍ കാശിയിലേക്ക്. അത്തരം കാര്യങ്ങളൊന്നും അദ്ദേഹം ചെയ്യില്ലെന്നുറപ്പാണ്. തങ്ങള്‍ക്ക് ആവശ്യമായ ബ്രാന്‍ഡ് അംബാസഡറാണ് അദ്ദേഹം എന്നാണ് ആര്‍.എസ്.എസ് കരുതുന്നത്.’ – ദി പ്രിന്റ് എഡിറ്ററും കോളമിസ്റ്റുമായ ശേഖര്‍ ഗുപ്ത പറയുന്നു.

‘കര്‍ണാടക ഗവര്‍ണര്‍ക്ക് അല്‍പമെങ്കിലും നാണമുണ്ടെങ്കില്‍ അദ്ദേഹം രാജി സമര്‍പ്പിക്കണം. ബാംഗ്ലൂരിലിരുന്ന് അഴിമതി ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്ന കേന്ദ്രമന്ത്രിമാരും ഒരേപോലെ കുറ്റക്കാരാണ്.’ – സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

‘തന്റെ പക്ഷംപിടിക്കല്‍ തുറന്നുകാട്ടപ്പെട്ടതിനാല്‍ ധാര്‍മികതയുടെ പേരില്‍ ഗവര്‍ണര്‍ രാജിവെക്കണോ? അതെ. പക്ഷേ, അദ്ദേഹത്തിന്റെ പേരുമാറ്റം കണ്ടാല്‍ ധാര്‍മികതയുടെ അര്‍ത്ഥം അദ്ദേഹത്തിനറിയില്ലെന്നാണ് മനസ്സിലാവുക.’ മാധ്യമപ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ വീര്‍ സങ്‌വി.

‘കര്‍ണാടക ഗവര്‍ണര്‍ക്ക് പോകാന്‍ സമയമായിരിക്കുന്നു. രാജിവെക്കുക. വാജുഭായ് വാല തന്റെ പദവി കളങ്കപ്പെടുത്തിയിരിക്കുന്നു.’ – മാധ്യമപ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവും കവിയുമായ പ്രിതീഷ് നന്ദി.

chandrika: