ശീനഗര്‍: ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും നിയുക്ത ലോക്‌സഭാംഗവുമായ ഫാറൂഖ് അബ്ദുല്ല. കശ്മീരിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏക വഴി ഇതു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ഒരിക്കലും ഗവര്‍ണര്‍ ഭരണത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. എക്കാലത്തും അതിനെ എതിര്‍ത്തിട്ടേയുള്ളൂ. എന്നാല്‍ ഇപ്പോള്‍ മറ്റു വഴികളില്ല- ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പിലൂടെ അടുത്തിടെ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാറൂഖ് അബ്ദുല്ല പറഞ്ഞു. മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ദക്ഷിണ കശ്മീരിന്റെ കാര്യത്തില്‍ മാത്രമല്ല, താഴ്‌വര ഒന്നടങ്കം ദുരന്തത്തിന്റെ വക്കിലാണ്. ഈ ദുരന്തം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കും. അതുകൊണ്ടുതന്നെ കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ കാര്യങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തായിരിക്കും നേരിടേണ്ടി വരിക- ശ്രീനഗറില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
പ്രധാനമന്ത്രിയുമായി കഴിഞ്ഞ ദിവസം താന്‍ ചര്‍ച്ച നടത്തിയിരുന്നു. ഏതു വിധേനയും കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന താല്‍പര്യമാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെ ബി.ജെ.പിയിലെ തീപ്പൊരി നേതാക്കള്‍ സംയമനം പാലിക്കണം. പ്രധാനമന്ത്രി സമാധാനം ആഗ്രഹിക്കുമ്പോള്‍ അതിനൊപ്പം നല്‍ക്കണം. പ്രകോപനമുളവാക്കുന്ന പരാമര്‍ശങ്ങള്‍ ബി.ജെ.പി നേതാക്കള്‍ നടത്തരുത്. വിഘടനവാദികളുമായി ചര്‍ച്ചക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്ത സമയത്തുതന്നെ മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി പദം രാജിവെക്കേണ്ടിയിരുന്നുവെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
വിഘടനവാദികള്‍ ഉള്‍പ്പെടെ എല്ലാവരുമായും സര്‍ക്കാര്‍ ചര്‍ച്ചക്കു തയ്യാറാവണം. മെഹ്ബൂബ സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിക്കുമ്പോഴും കേന്ദ്രം ഇതിന് തടയിടുകയാണ്. പിന്നെ എന്തിനാണ് മുഖ്യമന്ത്രി ആ കസേരയില്‍ തുടരുന്നത്. ജഗ്‌മോഹനെ കശ്മീര്‍ ഗവര്‍ണറായി നിയമിച്ച വി.പി സിങ് സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് 1990ല്‍ താന്‍ മുഖ്യമന്ത്രി പദം രാജിവെച്ചിരുന്നു. ജന താല്‍പര്യമാണ് അന്ന് താന്‍ നോക്കിയത്. അത്തരം തീരുമാനമെടുക്കാന്‍ മെഹ്ബൂബ മുഫ്തിക്കും കഴിയണമെന്ന് ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
- 8 years ago
chandrika
Categories:
Video Stories
ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണം: ഫാറൂഖ് അബ്ദുല്ല
Tags: jammu kashmir