X
    Categories: Views

ഭരണം ഭയം വിതറാനല്ല സുരക്ഷക്കാണ്

അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയയുടെ (ഐ.എസ്.ഐ.എസ്) ഉന്മൂലന പ്രവര്‍ത്തനം ഇന്ത്യയിലേക്കുമെത്തിയതായി വാര്‍ത്തകള്‍ വരുന്നു. ചൊവ്വാഴ്ച രാവിലെ 9.30ന് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് എണ്‍പതു കിലോമീറ്ററകലെയുള്ള ജബ്ദി സ്റ്റേഷനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഭോപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനില്‍ നടന്ന സ്‌ഫോടനത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. ജനറല്‍ കോച്ചുകളിലൊന്നിന്റെ മുകള്‍ ബര്‍ത്തില്‍ വെച്ചിരുന്ന പൈപ്പു ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിനുശേഷം വൈകീട്ട് മൂന്നു മണിയോടെ ഉത്തര്‍പ്രദേശിലെ ലക്‌നോവിനടുത്ത താക്കൂര്‍ഗഞ്ചിലെ ഹാജി കോളനിയിലെ വീട്ടില്‍ നിന്ന് ഒരാളെ മധ്യപ്രദേശ് പൊലീസ് വെടിവെച്ചു കൊല്ലുകയുണ്ടായി. കേന്ദ്ര രഹസ്യാന്വേഷണ സേനയുടെ വിവരത്തെതുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു വെടിവെപ്പ്. പൊലീസുകാര്‍ക്കെതിരെ പ്രതികള്‍ തിരിച്ചും വെടിവെച്ചു. നീണ്ട പന്ത്രണ്ടു മണിക്കൂര്‍ നേരത്തെ ഓപ്പറേഷനു ശേഷമാണ് അക്രമികളിലൊരാള്‍ വധിക്കപ്പെട്ടതെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ അറിയിപ്പ്. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്്ക്വാഡും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. പ്രതികളില്‍ രണ്ടുപേരെ കിട്ടിയതായും അസര്‍ഖാന്‍, ഖൗസ് മുഹമ്മദ് ഖാന്‍ എന്നിവരെ അന്വേഷിച്ചുവരുന്നതായും പൊലീസ് പറയുന്നു.
ഐ.എസിന്റെ മുദ്ര, എട്ടു ചെറു തോക്കുകള്‍, 650 വെടിയുണ്ടകള്‍, തോക്കുകള്‍, സിംകാര്‍ഡുകള്‍ മറ്റും സൈഫുല്ലയുടെ മൃതശരീരത്തിനടുത്തുനിന്ന് കണ്ടെടുത്തതായി പറയുന്നു. തനിക്ക് കീഴടങ്ങാനാവില്ലെന്നും രക്തസാക്ഷിയാകാനാണ് താല്‍പര്യമെന്നും വധിക്കപ്പെട്ട സൈഫുല്ല സഹോദരനോട് പറഞ്ഞതായാണ് വിവരം. സംഭവം ശരിയെങ്കില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ ഐ.എസ് ഭീകര സംഘടന അതിന്റെ ഭീകരമുഖം പ്രകടമാക്കിയിരിക്കുന്നത്. ഇതിനകം തന്നെ അരക്ഷിതാവസ്ഥ നേരിടുന്ന ഇന്ത്യന്‍ സാമൂഹികാന്തരീക്ഷത്തെ ഇത് കൂടുതല്‍ അപകടങ്ങളിലേക്ക് തള്ളിവിടുകയാകും ചെയ്യുക. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് സ്‌ഫോടനം ഉണ്ടായതെന്നത് സാധാരണക്കാരെയാണ് ലക്ഷ്യം വെച്ചതെന്നതിന് തെളിവാണ്. സാധാരണക്കാരായ യാത്രക്കാരെ വകവരുത്തുക വഴി ഭരണകൂടത്തെ ഭയപ്പെടുത്താമെന്നത് എല്ലാ തീവ്രവാദ സംഘടനകളുടെയും മാര്‍ഗങ്ങളിലൊന്നാണ്. ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ വന്‍ ആക്രമണങ്ങള്‍ക്ക് സൈഫുല്ല ഉള്‍പ്പെട്ട സംഘം പദ്ധതിയിട്ടതായാണ് പൊലീസ് നല്‍കുന്ന വിവരം. ഏതായാലും പ്രതികള്‍ പിടിക്കപ്പെട്ടതിലൂടെ ഇത് ഒഴിവായതായി ആശ്വസിക്കാമെങ്കിലും ഐ.എസിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് ഇതിലൂടെ നിലച്ചുവെന്ന് പറയാനാവില്ല.
കേരളത്തില്‍ നിന്നടക്കം ഇന്ത്യയില്‍നിന്ന് അമ്പതോളം പേര്‍ ഐ.എസില്‍ ചേര്‍ന്നതായാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇതുവരെയുള്ള കണക്ക്. ഇവരില്‍ ഏതാനും പേര്‍ കൊടിയ പീഡനവും മനംമാറ്റവും കാരണം നാട്ടില്‍ തിരിച്ചെത്തിയതായും വിവരം ലഭിച്ചിരുന്നു. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് ഇന്ത്യയും ഐ.എസിന്റെ ആക്രമണ പട്ടികയിലുണ്ട് എന്നത് നേരത്തെതന്നെ പുറത്തുവന്നിരുന്നതാണ്. ഇതിന്മേല്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരവെയാണ് മധ്യപ്രദേശ് സംഭവം ഉണ്ടായിരിക്കുന്നത്. പ്രതികള്‍ പൈപ്പ് ബോംബ് നിര്‍മിച്ചത് ലക്‌നോവിലാണെങ്കിലും രാവിലെ എട്ടു മണിക്ക് ഭോപ്പാലില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുമ്പോള്‍ കോച്ചുകളിലൊന്നില്‍ അത് വെക്കുകയായിരുന്നു. ഇതെന്തിനാണെന്ന് വ്യക്തമല്ല. വീര്യം കുറഞ്ഞ ബോംബാണെന്നത് അധികൃതര്‍ക്കുള്ള മുന്നറിയിപ്പിന് വേണ്ടി മാത്രമാണോ എന്നാണ് സംശയിക്കപ്പെടുന്നത്. സാധാരണഗതിയില്‍ പാക് തീവ്രവാദ സംഘടനകളായ ഇന്ത്യന്‍ മുജാഹിദീന്‍, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ സംഘങ്ങള്‍ നടത്തുന്ന ബോംബ് സ്‌ഫോടനങ്ങള്‍ തിരക്കേറിയ സ്ഥലങ്ങളിലും കൂടുതല്‍ മരണസംഖ്യ വരുത്തുന്നതിന് ഉദ്ദേശിച്ചുള്ളതുമായിരിക്കും. എന്നാല്‍ ചൊവ്വാഴ്ചത്തെ സംഭവത്തില്‍ അതുണ്ടായിട്ടില്ല. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനവട്ട വോട്ടെടുപ്പിന്റെ തലേന്നാണ് ദാരുണവും ആശങ്കാജനകവുമായ സംഭവം ഉണ്ടായിരിക്കുന്നത് എന്നതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചാല്‍ ചില കുബുദ്ധികളുടെ രാഷ്ട്രീയ ദുഷ്ടലാക്ക് ഈ നാടകത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടണം.
മഹത്തരമായ ജീവിതദൗത്യം തെറ്റായി വ്യാഖ്യാനിക്കപ്പെട്ട് ഇസ്്‌ലാമിന്റെ പേരില്‍ ഇറാഖിലും സിറിയയിലും മറ്റും വൈദേശികശക്തികള്‍ക്കും പ്രാദേശിക ഭരണകൂടങ്ങള്‍ക്കുമെതിരെ ഐ.എസ് നടത്തിവരുന്ന രക്തരൂക്ഷിത പോരാട്ടം മനുഷ്യനന്മയെ പിന്തുണക്കുന്ന ഏതൊരാള്‍ക്കും അംഗീകരിക്കാനാകാത്തതും അത്യന്തം കാടത്തം നിറഞ്ഞതുമാണ്. ഇതിനകം പതിനായിരക്കണക്കിന് പേരെ വകവരുത്തുകയും മുപ്പതു ലക്ഷത്തോളം പേര്‍, അവരില്‍ പിഞ്ചുകുട്ടികളും സ്ത്രീകളും, അഭയാര്‍ഥികളായി പലായനം ചെയ്യപ്പെടുകയുമുണ്ടായി. എന്നിട്ടും കണ്ണില്‍ ചോരയില്ലാത്ത കാപാലികര്‍ സായുധരായി നടത്തുന്ന യുദ്ധം അറേബ്യയുടെ നല്ലൊരു പ്രദേശത്തെ തന്നെ നാമാവശേഷമാക്കുന്നു. ഇറാഖിലെ മൊസൂളിലും സിറിയയിലും അടിപതറുന്ന ഘട്ടത്തിലാണ് ബാഗ്ദാദിയുടെ സൈന്യം ഇന്ത്യ പോലുള്ള രാജ്യത്തേക്ക് കുന്തമുന നീട്ടിയിരിക്കുന്നത്. ഇതിനു പിന്നില്‍ ഇന്ത്യന്‍ ഭരണകൂടത്തിനെതിരായ ആശയ ഭിന്നതക്കപ്പുറം ചില സ്ഥാപിത താല്‍പര്യങ്ങളും കാണണം. അതിനുപിന്നില്‍ ഒരു പക്ഷേ നാം പുറത്തു കാണുന്ന ശക്തികള്‍ മാത്രമല്ല, ഡൊണാള്‍ഡ് ട്രംപ് പടച്ചുവിടുന്ന വിദ്വേഷ-മുസ്്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന്റെ പിന്‍ബലവും ഉണ്ടായിക്കൂടെന്നില്ല. മുമ്പ് താലിബാനെ തങ്ങളാണ് സൃഷ്ടിച്ചതെന്ന് വെളിപ്പെടുത്തിയത് അവര്‍ക്കെതിരെ വര്‍ഷങ്ങളോളം പടനയിച്ച യൂറോ-അമേരിക്കന്‍ നേതാക്കളായിരുന്നുവെന്ന സത്യം മറക്കാറായിട്ടില്ല.
എന്തിന്റെ പേരിലായാലും നിരപരാധികളെ കൊല്ലുന്ന പ്രവണത അനുവദിച്ചുകൊടുത്തുകൂടാ. ഒരു നിരപരാധിയെ കൊന്നാല്‍ മനുഷ്യകുലത്തെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാണെന്ന് പഠിപ്പിച്ച ഇസ്്‌ലാമിന്റെ പേരില്‍ ചോര മരവിക്കുന്ന ക്രൂരത ഉണ്ടായിക്കൂടാത്തതാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് കഴിഞ്ഞ മാസം 150 പേരുടെ മരണത്തിനിടയാക്കിയ രണ്ടു ട്രെയിന്‍ അട്ടിമറിയും അതിര്‍ത്തിക്കപ്പുറത്തുനിന്ന് ആസൂത്രണം ചെയ്യപ്പെട്ടതാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. പ്രതികള്‍ നേപ്പാളിലാണെന്ന് വെളിപ്പെടുത്തിയത് യു.പി തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ പ്രധാനമന്ത്രി തന്നെയാണ്. പാക്കിസ്താന്‍ ചാര സംഘടനയായ ഐ.എസാണ് ഇതിനു പിന്നിലെന്നാണ് ബീഹാര്‍ പൊലീസിന്റെ വിശദീകരണം. അക്രമികളുടെ ലക്ഷ്യം ഒന്നായിരിക്കെ അവര്‍ ഒരുമിച്ച് ഇന്ത്യക്കെതിരായ പദ്ധതി ആസൂത്രണം ചെയ്തിരിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടണം. പ്രതികളെയും ആസൂത്രകരെയും പിടികൂടുന്നതിലൂടെ പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇനിയൊരിക്കലും സമാനമായ സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയാന്‍ തക്ക എണ്ണയിട്ട സുരക്ഷാസംവിധാനമാണ് രാജ്യത്തിനു വേണ്ടത്. അതിനുപകരം രാജ്യത്തെ ജനങ്ങളില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചും ഭയം വിതറിയും നാളുകള്‍ തള്ളി നീക്കുകയല്ല ഭരണകൂടം ചെയ്യേണ്ടത്.

chandrika: