X
    Categories: main stories

പിഎസ്‌സിയെ നോക്കുകുത്തിയാക്കി സര്‍വകലാശാലകളില്‍ താല്‍ക്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കളെ വഞ്ചിച്ച് വീണ്ടും ഇടത് സര്‍ക്കാര്‍. പിഎസ്‌സിയെ നോക്കുകുത്തിയാക്കി സര്‍വകലാശാലകളിലെ മുവായിരത്തോളം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി 35 ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് കഴിഞ്ഞ ദിവസം തീരുമാനിച്ചു. ഒഴിവ് നിലവിലില്ലാത്തവരെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്.

കാലിക്കറ്റിന് പുറമെ കേരള സര്‍വകലാശാലയിലും, കുസാറ്റിലും, സംസ്‌കൃത സര്‍വകലാശാലയിലും, കാര്‍ഷിക സര്‍വകലാശാലയിലും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറാണ് സര്‍വകലാശാലകളിലെ അനധ്യാപക നിയമനം പിഎസ് സിക്ക് വിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ പിഎസ് സി പരീക്ഷ നടത്തി രണ്ടായിരത്തോളം പേരെ നിയമിച്ചിരുന്നു.

ഇത് അട്ടിമറിച്ചുകൊണ്ടാണ് സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയില്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ചട്ടങ്ങള്‍ ലംഘിച്ചുള്ള നിയമനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കമ്മിറ്റി ചെയര്‍മാര്‍ ആര്‍എസ് ശശികുമാര്‍, സെക്രട്ടറി ഷാജഹാന്‍ എന്നിവര്‍ അറിയിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: