X
    Categories: Views

അത് നാഥുറാമിന്റെ പ്രേതം തന്നെ

1942 ഫെബ്രുവരി മൂന്നിന് മഹാത്മാഗാന്ധി തന്റെ പത്രമായ ഹരിജനില്‍ ഇങ്ങനെ എഴുതി: അഭിപ്രായ സ്വാതന്ത്ര്യം ഒരാളില്‍നിന്ന് കവരുകയെന്നാല്‍ അയാളൊരു തനി യന്ത്രമാവുകയും സമൂഹത്തിന്റെ നാശത്തിനത് കാരണമാകുകയും ചെയ്യും. വ്യക്തിസ്വാതന്ത്ര്യം മാത്രമേ സമൂഹത്തെ പുരോഗമിപ്പിക്കുകയുള്ളൂ. മറ്റൊരിക്കല്‍ മഹാത്മാവ് പറഞ്ഞു: നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് കടുത്ത വിയോജിപ്പുണ്ട്. എന്നാല്‍ അതുപ്രകടിപ്പിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഞാന്‍ അവസാന ശ്വാസം വരെ പോരാടും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആ മഹാമനീഷിയുടെ നാട്ടിലാണ് അതേ സ്വാതന്ത്ര്യത്തിനുവേണ്ടി കൊലചെയ്യപ്പെട്ട ധീര വനിതക്കെതിരെ അതിക്രൂരമായ വിമര്‍ശനങ്ങളും പരിഹാസങ്ങളും ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. അനുശോചനപ്രവാഹങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മുറവിളികള്‍ക്കുമിടയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രക്തസാക്ഷി ഗൗരിലങ്കേഷിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പൊങ്കാല നടക്കുകയാണിപ്പോള്‍.

ഫാസിസ്റ്റുകളുടെ പതിവു ഗീബല്‍സ് ശൈലി പിന്തുടര്‍ന്നുകൊണ്ട് പ്രതികളെക്കുറിച്ച് സന്ദേഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഹിന്ദുത്വവാദികള്‍. അപ്പന്‍ പത്തായത്തിലുമില്ല എന്നു പറയുന്നതുപോലെയായിരിക്കുന്നു ഇത്. രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങിത്തന്ന മഹാത്മാവിനെ ഇതേ ശൈലിയില്‍ വെടിവെച്ചിട്ടവരുടെ പിന്മുറക്കാരില്‍ നിന്ന് ഇന്ത്യ ഒട്ടും മുന്നോട്ടുനീങ്ങിയിട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് ചാമരാജ്‌പേട്ടയിലെ വെളുത്ത കാറിനെ പിന്തുടര്‍ന്ന മുഖംമൂടി ധരിച്ച ആ കറുത്ത ഭീരുവിന്റെ വെടിയുണ്ടകള്‍.1948 ജനുവരി മുപ്പതിന് ബിര്‍ളാമന്ദിരത്തിലെത്തിയ ഹിന്ദുത്വ വര്‍ഗീയവാദി നാഥുറാംഗോഡ്‌സെയുടെ പ്രേതമല്ലാതാരാണിത്?

ഗൗരി ലങ്കേഷ് കൊലചെയ്യപ്പെടേണ്ടവളാണെന്നും അവരുടെ എഴുത്തുകള്‍ അതിനര്‍ഹമാണെന്നുമൊക്കെയാണ് അറയ്ക്കുന്ന ഭാഷയില്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. അല്‍പന്മാരായ തെരുവുകൂട്ടങ്ങളാണ് ഇതിനൊക്കെ പിന്നിലെന്ന് പറഞ്ഞ് തള്ളിക്കളയുമ്പോള്‍ കൊലപാതകത്തെ ന്യായീകരിച്ച് കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ എം.എല്‍.എ ഡി.എന്‍ ജീവരാജ് രംഗത്തുവന്നിരിക്കുന്നത് സത്യം ഏത് ഗുഹയിലൊളിപ്പിക്കാന്‍ ശ്രമിച്ചാലും പുറന്തള്ളിവരുമെന്നതിനുള്ള ഒന്നാംതരം തെളിവാണ്. മുമ്പ് ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗൗരി ഒന്നും മിണ്ടിയിരുന്നില്ലെന്നാണ് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പിയുടെ ജനപ്രതിനിധിയില്‍ നിന്നുണ്ടായിരിക്കുന്ന വിഷംനിറച്ച പരാമര്‍ശം. പ്രതികള്‍ ആരാണെന്നതിനെക്കുറിച്ച് വേവലാതിപ്പെട്ട് ഇനി സമയം കളയേണ്ടതില്ല. പ്രത്യേകാന്വേഷണ സംഘമോ കേന്ദ്ര ബ്യൂറോയോ എന്ന തര്‍ക്കം വേണ്ട. പരിവാര്‍ സംഘടനകളുടെ അത്യുന്നത കാര്യാലയങ്ങളിലേക്ക് നേരെചൊവ്വെ വിലങ്ങ് കൊണ്ടുചെല്ലാം. കഴിഞ്ഞ മൂന്നു കൊല്ലമായി വിവിധ പശു ബെല്‍റ്റ് സംസ്ഥാനങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന ഭക്ഷണ സ്വാതന്ത്ര്യത്തിന്റെ നേര്‍ക്കുള്ള അര്‍മാദിത്തം പോലെതന്നെയാണ് ഈ ഗൗരിഹത്യയും.

സ്വതന്ത്രചിന്തകയും ഹിന്ദുത്വവാദികളുടെ സ്ഥിരവൈരിയുമെന്ന നിലയില്‍ മാത്രമല്ല, ആ ആശയത്തിനെതിരെ നിരന്തരം തൂലിക ചലിപ്പിക്കുകയും ഇത്തരം ചിന്താഗതിക്കാര്‍ക്ക് ഒറ്റ നയാപൈസയുടെ പരസ്യവരുമാനവും സ്വീകരിക്കാതെ ‘ഗൗരിലങ്കേഷ് പത്രികെ’ എന്ന സ്വന്തം പത്രത്തില്‍ എഴുതാനിടം കൊടുക്കുകയും ചെയ്യുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ ജീവിക്കുന്ന ഇതിഹാസമാണ് കര്‍ണാടകയിലെ നഗരപ്രാന്തങ്ങളിലൊന്നില്‍ ഏഴു വെടിയുണ്ടകളേറ്റ് നിശ്ചലമായത്. ഇതിനുശേഷം മിനിറ്റുകള്‍ക്കകമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഗൗരിക്കെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ചൊരിഞ്ഞുകൊണ്ടുള്ള സന്ദേശങ്ങള്‍ നിറയുന്നത്. സത്യം പറയുന്നവനെ കൊന്നുതള്ളുന്ന ശൈലി ഗലീലിയോയുടെയും സോക്രട്ടീസിന്റെയും കാലത്തിനുമുമ്പ് തന്നെ ലോകത്തുണ്ട്. കാലമെത്ര പുരോഗമിച്ചാലും മാറാത്ത മനസ്സുള്ളവര്‍ നമുക്കിടയില്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെ ന്ന ്‌നിരവധി സംഭവങ്ങളിലൂടെ ലോകം നമ്മെ അനുനിമിഷം സ്മര്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ലോക ജനാധിപത്യത്തിന്റെ നെറുകയില്‍ അഭിമാനത്തോടെ നിന്നിരുന്ന, അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി അഹിംസയിലൂടെ മരിക്കാന്‍ തയ്യാറാവുമെന്ന സിദ്ധാന്തം രൂപപ്പെടുത്തിയ മഹാത്മാവിന്റെ നാട്ടിലിതാ തുറന്നുപറച്ചില്‍ എന്ന ഒറ്റക്കുറ്റത്തിന് ഒരു പൗരന്‍കൂടി കാലയവനിക്കുള്ളിലേക്ക് വെടിവെച്ചിടപ്പെട്ടിരിക്കുന്നു.
ശേഷം കൊലയാളികളുടെ അട്ടഹാസം. ആള്‍ക്കൂട്ടക്കൊലകളിലും ഇതേ രീതി കാണുന്നുണ്ട്. നൂറ്റാണ്ടുകളായി പിന്തുടര്‍ന്നുവന്ന അനുഭവ സമ്പത്തുകളുടെയും അറുപത്തേഴു വര്‍ഷം മുമ്പ് രാഷ്ട്രത്തിന്റെ പ്രപിതാക്കളാല്‍ കൂലങ്കഷമായ ഗവേഷണങ്ങളിലൂടെയും ഇന്ത്യാ മഹാരാജ്യം ആര്‍ജിച്ചെടുത്തൊരു നിയമ സംഹിതയുടെ നടത്തിപ്പുകാരായി ചുമതലപ്പെട്ടവരാണ് ചാമരാജ്‌പേട്ടയിലെ വെടിയുണ്ടകളുടെ പിന്നിലെ കാഞ്ചിവലിച്ചതെന്നത് പ്രത്യേകിച്ച് പഠിപ്പിക്കേണ്ടതില്ല. ഇതുപോലെ പ്രണോയ് റോയി എന്ന ധീരനായ മാധ്യമ പ്രവര്‍ത്തകനുനേരെ അറസ്റ്റു ഭീഷണിയും റെയ്ഡുകളുമായി വന്നവരുടെ മുഖാവരണത്തിനും കാവിയുടെ നിറമായിരുന്നു. സവര്‍ണ മേല്‍ക്കോയ്മയുടെ ഗതകാലത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പിടിച്ചുകെട്ടാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അധികാരത്തിനും പണത്തിനും വേണ്ടി പശുവിനെ സംരക്ഷിക്കുകയും സഹജീവിയായ മനുഷ്യനെ പച്ചക്ക് അടിച്ചുകൊല്ലുകയും ചെയ്യുന്ന കാലത്താണ് കാവിയുടെ അപ്പോസ്തലന്മാര്‍ മൗനിബാബകളാകുന്നത്. അഭിപ്രായ സ്വാതന്ത്ര്യം വെച്ചുനീട്ടുന്ന 19 (1) വകുപ്പും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുള്ള 21-ാം വകുപ്പുമൊക്കെ ഈ ഇരുണ്ട കാലത്ത് നമ്മെ നോക്കി കൊഞ്ഞനംകുത്തുന്നു. പശു സംരക്ഷകരില്‍ നിന്ന് പാവപ്പെട്ട പൗരന്മാരെ ജീവിക്കാന്‍ അനുവദിക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതി വേണ്ടിവരുന്ന കാലം. ഇതിനെ മോദി കാലമെന്നോ അമിത്ഷാ കാലമെന്നോ അതോ കലികാലമെന്നോ ഏതാണ് വിളിക്കേണ്ടത് ?

മാവോയിസ്റ്റുകളാണ് കൊലക്ക് കാരണമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢാലോചന അണിയറയില്‍ പതിവു ഫാസിസ ശൈലിയില്‍ ആടിത്തിമിര്‍ക്കുന്നുണ്ട്. ഇതേ സംസ്ഥാനത്ത് കല്‍ബുര്‍ഗിയെയും തൊട്ടടുത്ത മഹാരാഷ്ട്രയില്‍ നരേന്ദ്രധാബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും വെടിവെച്ചുകൊന്നവരുടെ തോക്കിനും ആശയത്തിനും ഇതേ ഹിന്ദുത്വമണമായിരുന്നു. ഇവരുടെയെല്ലാം രക്തത്തിന്റെ മാറാത്ത വര്‍ണം പോലെ. നടന്‍ കമല്‍ഹാസന്‍ സൂചിപ്പിച്ചതുപോലെ, വാക്കിനെ തോക്കുകൊണ്ട് മൗനമാക്കുന്നത് ചര്‍ച്ച ജയിക്കാനുള്ള ഏറ്റവും മോശമായ മാര്‍ഗമാണ്. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നതും ചകിതയുടെ കാലത്തെക്കുറിച്ചുതന്നെ. ഗോസംരക്ഷകരെ താക്കീത് ചെയ്ത പ്രധാനമന്ത്രിക്ക് ഇപ്പോള്‍ മിണ്ടാട്ടം മുട്ടിയിരിക്കുന്നത് സ്വാഭാവികം മാത്രം. സാമൂഹികമാധ്യമങ്ങളിലെ അണികളുടെ ഭാഷയില്‍ ആഹ്ലാദിക്കാന്‍ അദ്ദേഹത്തിന് കഴിയാത്തവിധത്തിലെങ്കിലും ഇന്ത്യ അവശേഷിക്കുന്നുണ്ടെന്നതാണ് നമ്മുടെയൊക്കെ ഏക ആശ്വാസം.

chandrika: