ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നതിലെ പ്രതിഷേങ്ങളെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് പ്രതിഷേധക്കാര്‍ക്കെതിരെ രംഗത്തെത്തിയത്. കര്‍ണാടകയിലും കേരളത്തിലും ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ മതേതര സുഹൃത്തുക്കള്‍ പ്രതികരിക്കാതിരുന്നത് എന്തെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ചോദ്യം. ഗൗരി ലങ്കേഷിന്റെ വധത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും തീവ്രഹിന്ദുത്വ സംഘടനകളിലേക്ക് അന്വേഷണത്തിന്റെ മുന നീളുകയും ചെയ്തത് ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ്, പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. തീവ്രഹിന്ദുത്വ വിരുദ്ധ, ഫാസിസ്റ്റ് വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിലൂടെ ശ്രദ്ധേയരായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍ക്കര്‍, എം.എം കലബുറഗി തുടങ്ങിയവരെ വധിച്ചതിനു പിന്നാലെയാണ് സമാനമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയയായ ഗൗരി ലങ്കേഷിനെയും വകവരുത്തിയത്.
കര്‍ണാടകിയലും കേരളത്തിലും നിരവധി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുണ്ട്. ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തുള്ളവര്‍ ആരും ഇതിനെതിരെ ശബ്ദിക്കുന്നതായി കണ്ടിട്ടില്ല. മതേതര ചിന്താഗതിക്കാരെന്ന് സ്വയം അവകാശപ്പെടുന്നവര്‍ എന്തുകൊണ്ടാണ് ഈ കൊലപാതകങ്ങളില്‍ മൗനം പാലിക്കുന്നത് – രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
ഗൗരി ലങ്കേഷിന് സുരക്ഷ ഒരുക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ വീഴ്ച വരുത്തിയതാണ് കൊലപാതകത്തിന് കാരണമായതെന്ന ന്യായീകരണവും മന്ത്രി ഉയര്‍ത്തി.
നക്‌സലുകളെ കീഴടങ്ങലിന് പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഗൗരി ലങ്കേഷ് നടത്തിയിരുന്നതായി സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് പറഞ്ഞതായുള്ള മാധ്യമ വാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ ആരോപണം. എന്തുകൊണ്ടാണ് ഗൗരിക്ക് സുരക്ഷ ഒരുക്കാതിരുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ച സംഭവിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം സുരക്ഷാ വീഴ്ചയെ പഴിചാരി തലയൂരാനുള്ള ബി.ജെ.പി നീക്കത്തിന് മറുപടിയുമായി കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി രംഗത്തെത്തി.
കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഒരിക്കല്‍പോലും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാന മുഖ്യമന്ത്രിയുമായും പൊലീസ് മേധാവിയുമായും പലപ്പോഴും അവര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അന്നൊന്നും ജീവന് ഭീഷണിയുള്ളതായി അവര്‍ പറഞ്ഞിട്ടുമില്ല. സുരക്ഷ ഒരുക്കിയില്ലെന്ന് പറഞ്ഞ് കൊലപാതകികളെ ന്യായീകരിക്കുന്നത് ശരിയല്ലെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.
അവര്‍(ഗൗരി) സുരക്ഷ ആവശ്യപ്പെട്ടിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അത് നല്‍കാന്‍ ഒരുക്കമായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ എന്നല്ല, സുരക്ഷ ആവശ്യപ്പെട്ടാല്‍ ഏത് സര്‍ക്കാറും അത് നല്‍കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും അവര്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍പോലും സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.