ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ പിടിയിലായ അമോല്‍ കാലെയില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് അന്വേഷണ സംഘം.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പുറമെ ഇനി കൊലപ്പെടുത്താന്‍ തീരുമാനിച്ച 36 പേരെ കുറിച്ചുള്ള വിവരങ്ങള്‍ കാലെയില്‍ നിന്നും ലഭിച്ചതായി അന്വേഷണ സംഘം പറയുന്നു. ഇയാളില്‍ നിന്നും കണ്ടെടുത്ത ഡയറിയിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.
ഹിന്ദുവിരുദ്ധരെന്ന് ഗൂഡാലോചനക്കാര്‍ കണ്ടെത്തിയിട്ടുള്ള 36 പേരെ കൂടി കൊല ചെയ്യാനാണ് പദ്ധതിയിട്ടതെന്നും ഇവരില്‍ 10 പേര്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ് എന്നാല്‍ ഭൂരിപക്ഷം പേരും മഹാരാഷ്ട്രക്കാരാണ്. കൊല ചെയ്യേണ്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ക്കു പുറമെയുള്ള പല കാര്യങ്ങളും പ്രത്യേക കോഡായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൃത്യം നിര്‍വഹിക്കാനായി മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമായി 50 ഷൂട്ടര്‍മാരെ റിക്രൂട്ട് ചെയ്യാനും തീരുമാനിച്ചിരുന്നതായി രേഖകള്‍ വെളിപ്പെടുത്തുന്നു.
ഇതിനായി വിവിധ തരത്തിലുള്ള തോക്കുകള്‍ ഉപയോഗിക്കാനും, പെട്രോള്‍ ബോംബുള്‍പ്പെടെയുള്ളവ നിര്‍മിക്കാനും ഇവരില്‍ ചിലര്‍ക്ക് ബെല്‍ഗാം, ഹുബ്ബള്ളി, പൂനെ എന്നിവിടങ്ങളില്‍ പരിശീലനം നല്‍കിയതായും ഡയറി വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഹിന്ദുത്വ തീവ്രവാദികള്‍ കര്‍ണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ നടത്തിയ പരിശീലന പരിപാടിയില്‍ മികച്ച ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് അമോ ല്‍ കാലെയെന്നും ഡയറി റിപ്പോര്‍കളില്‍ നിന്നും വ്യക്തമായതായി അന്വേഷണ വൃത്തങ്ങള്‍ പറയുന്നു.
ഗൗരി ലങ്കേഷിനെതിരെ നിറയൊഴിച്ച പരിശുറാം വാഗ്മറെയെ കൃത്യത്തിന് തെരഞ്ഞെടുക്കാന്‍ കാരണം 2012ല്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുന്നതിനായി വിജയപുരയിലെ വില്ലേജ് ഓഫീസിന് മുകളില്‍ പാക് പതാക നാട്ടാന്‍ കാണിച്ച ധൈര്യമാണെന്നും ഇതിലുണ്ട്. ഗൗരി ലങ്കേഷിനെ വധിക്കും മുമ്പ് ഭക്ഷണത്തിനും വണ്ടിക്കൂലിക്കുമായി 3,000 രൂപ വാഗ്മറെക്ക് അഡ്വാന്‍സായി നല്‍കിയെന്നും പിന്നീട് കൊലപാതകം ഭംഗിയായി നിര്‍വഹിച്ച് ഒരു മാസം കഴിഞ്ഞ് 10,000 രൂപയും നല്‍കിയതായി ഡയറിയില്‍ കുറിച്ചിട്ടുണ്ട്. നാടക കൃത്തും സംവിധായകനുമായ ഗീരീഷ് കര്‍ണാട് ഉള്‍പ്പെടെയുള്ളവരെ ഹിന്ദുത്വ ഭീകരര്‍ ലക്ഷ്യമിട്ടതായുള്ള ഡയറി വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
2017 സെപ്തംബര്‍ അഞ്ചിനാണ് മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് ബംഗളൂരുവിലെ ആര്‍.കെ നഗറിലെ സ്വവസതിക്കു മുന്നില്‍ വെച്ച് വെടിയേറ്റ് മരിച്ചത്. ബൈക്കില്‍ വന്ന രണ്ടു പേരാണ് അക്രമികളെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. കേസില്‍ ഇതുവരെ ആറു പേരെ എസ്.ഐ.ടി സംഘം അറസ്റ്റു ചെയ്തിട്ടുണ്ട്. ഗൂഡാലോചനയില്‍ പങ്കെടുത്ത മൂന്നു പേര്‍ക്കായി ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഹിന്ദു വിരുദ്ധ കാഴ്ചപ്പാടുകള്‍ മുന്നോട്ടു വെച്ചതിനാണ് ഗൗരി ലങ്കേഷിനെ തീവ്ര ഹിന്ദുത്വ വാദികള്‍ കൊലപ്പെടുത്തിയത്. മൂന്നു വര്‍ഷം മുമ്പ് യുക്തിവാദിയും എഴുത്തുകാരനുമായ പ്രൊഫസര്‍ കല്‍ബുര്‍ഗിയേയും ഇടത് ചിന്തകനായ ഗോവിന്ദ് പന്‍സാരെയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ ആയുധമാണ് ഗൗരി ലങ്കേഷിനെ വധിക്കാനും ഉപയോഗിച്ചതെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു.