X

അവനെ എങ്ങനെയെങ്കിലും ഒന്ന് വീട്ടിലെത്തിക്കണം’; ‘എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട’: മനാഫ്

കര്‍ണാടകയിലെ ഷിരൂരിലെ തിരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ ലോറി അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വികാരനിര്‍ഭരനായി ലോറി ഉടമ മനാഫ്. അര്‍ജുനെ ജീവനോടെ തിരിച്ചെത്തിക്കുമെന്ന് അവന്റെ അച്ഛന് വാക്ക് നല്‍കിയിരുന്നു. ഇങ്ങനെയെങ്കിലും എത്തിച്ചെന്ന് ലോറി കണ്ടെത്തിയതിന് പിന്നാലെ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. ലോറി തന്റെതാണെന്നും ക്യാബിനുള്ളില്‍ അര്‍ജുന്റെ മൃതദേഹമുണ്ടെന്നും മനാഫ് പറഞ്ഞു.

‘പലരും ഇട്ടേച്ച് പോയി. ഇട്ടേച്ച് പോകാന്‍ തോന്നിയില്ല. ഞാന്‍ പോയിട്ടും ഇല്ല. ഞാന്‍ ആദ്യമേ പറയുന്നുണ്ട്. വണ്ടിക്കുള്ളില്‍ അവന്‍ ഉണ്ടെന്ന്. അത് ഇപ്പോ എന്തായാലും ശരിയായി. ഇനി ഇപ്പോ അവനെ എടുക്കും. അവന്റെ അച്ഛന് കൊടുത്ത വാക്ക് ഉണ്ട്. കൊണ്ടുവരുമെന്ന്. ജീവനോടെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചത്. അത് കഴിഞ്ഞില്ല. ഇങ്ങനെയെങ്കിലും എത്തിച്ചു’.

‘അര്‍ജുന് എന്റെ മുകളില്‍ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്തുപറ്റിയാലും ഞാന്‍ ഉണ്ടെന്ന്. ഞാന്‍ കുടുംബത്തോടുള്ള വാക്ക് പാലിച്ചിരിക്കുകയാണ്. അവനെ അവന്റെ വീട്ടിലെത്തിക്കണം. വണ്ടി പൊന്തിച്ച് അവനെ ഇറക്കി എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിക്കണം. എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട.’- മനാഫ് വൈകാരികമായി പ്രതികരിച്ചു.

webdesk14: