X
    Categories: More

വനിതാ ലോകകപ്പ്: ഗോസ്വാമി ആഞ്ഞടിച്ചു, ഇന്ത്യക്ക് ലക്ഷ്യം 229

വനിതാ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റെടുത്ത ഝുലന്‍ ഗോസ്വാമിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ലണ്ടന്‍: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 229. ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ അച്ചടക്കമുള്ള ബൗളിംഗിലൂടെ നിയന്ത്രിച്ചാണ് ഇന്ത്യ എത്തിപ്പിടിക്കാവുന്ന ടോട്ടലില്‍ കളി അവസാനിപ്പിച്ചത്. 23 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഝുലന്‍ ഗോസ്വാമിയും രണ്ടു പേരെ പുറത്താക്കിയ പൂനം യാദവും ബൗളിംഗില്‍ തിളങ്ങി. 51 റണ്‍സെടുത്ത നതാലി ഷിവര്‍ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

ഓപണര്‍ വിന്‍സ്ഫീഡിന്റെ (24) വിക്കറ്റ് വീഴ്ത്തി രാജേശ്വരി ഗെയ്ക്ക്‌വാദ് ആണ് കളിയിലെ ആദ്യ വഴിത്തിരിവുണ്ടാക്കിയത്. മറ്റൊരു ഓപണറായ ബ്യൂമണ്ടിനെ (23) പൂനം യാദവിന്റെ പന്തില്‍ ഝുലന്‍ ഗോസ്വാമി പിടികൂടി. ഇംഗ്ലീഷ് ക്യാപ്ടന്‍ ഹിതര്‍ നൈറ്റ് (1) പൂനം യാദവിന്റെ പന്തില്‍ പുറത്തായതിനു പിന്നാലെ ആത്മവിശ്വാസത്തോടെ കളിക്കുകയായിരുന്ന സാറ ടെയ്‌ലറെയും (45) ഫ്രാന്‍സ് വില്‍സനെയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ ഗോസ്വാമി ആതിഥേയരെ അഞ്ചിന് 146 എന്ന നിലയിലേക്ക് തള്ളിവിട്ടു. നതാലി ഷിവറിന്റെ (51) രക്ഷാപ്രവര്‍ത്തനവും ബ്രുണ്ട് (34), മാര്‍ഷ് (14) എന്നിവരുടെ ശ്രദ്ധയോടെയുള്ള ബാറ്റിങുമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. നിര്‍ണായക സമയത്ത് ഷിവറിനെ ദീപ്തി ശര്‍മ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കിയത് ഇന്ത്യക്ക് അനുഗ്രഹമായി.

നാലാം ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഇന്ത്യക്ക് ലക്ഷ്യം ആദ്യ ലോകകപ്പാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: